കണ്ടെയ്നറുകൾ വിനയായി; നശിച്ചത് ലക്ഷങ്ങളുടെ വല
1580341
Thursday, July 31, 2025 11:43 PM IST
അമ്പലപ്പുഴ: ട്രോളിംഗ് നിരോധന കാലം ഗുണമുണ്ടാകുമെന്ന പ്രതീക്ഷയിൽ കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ വീണ കണ്ടെയ്നറുകൾ നൽകിയത് എട്ടിന്റെ പണി.
പരന്പരാഗത മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളിലെ ലക്ഷക്കണക്കിനു രൂപയുടെ വലയാണ് കണ്ടെയ്നറുകളിൽ ഉടക്കി നശിച്ചത്. സീസൺ ആരംഭിച്ച ഘട്ടത്തിലായിരുന്നു ഈ തിരിച്ചടി. കടലിൽനിന്നു കണ്ടെയ്നറുകൾ മാറ്റാമെന്ന കോസ്റ്റ് ഗാർഡ് ഉൾപ്പടെയുള്ളവരുടെ ഉറപ്പും നടപ്പായില്ല.
ചാകരക്കാലത്തെ പാര
ട്രോളിംഗ് നിരോധന കാലം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ചാകരക്കാലമെന്നാണ് അറിയപ്പെടുന്നത്. എന്നാൽ, 54 ദിവസത്തെ ട്രോളിംഗ് നിരോധന കാലത്ത് അഞ്ചു ദിവസങ്ങളിൽ മാത്രമാണ് നേരിയ തോതിലെങ്കിലും ചാകരക്കോളുണ്ടായത്. എന്നാൽ ചൂട, നെത്തോലി, താട എന്നിവയല്ലാതെ മറ്റു മത്സ്യങ്ങൾ വലിയ തോതിൽ കിട്ടാതിരുന്നതും തിരിച്ചടിയായി. ട്രോളിംഗ് നിരോധനം കഴിയുന്നതോടെ യന്ത്രവൽകൃത മത്സ്യബന്ധന ബോട്ടുകൾ കടലിൽ ഇറങ്ങുകയാണ്. ശക്തിയായ കാലവർഷം ലഭിച്ചതോടെ കരിക്കാടി, കിളിമീൻ എന്നിവ കൂടുതലായി കിട്ടുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
വല നാശം തുടരുമോ?
ട്രോളിംഗ് നിരോധനം കഴിഞ്ഞതിന്റെ ആവേശം മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടെങ്കിലും അടിത്തട്ടിൽ കിടക്കുന്ന കണ്ടെയ്നറുകളും അവയുടെ അവശിഷ്ടങ്ങളിലും ഉടക്കി വലകൾ നശിക്കുമോയെന്ന ആശങ്ക ബോട്ടുകാർക്കുമുണ്ട്. കടലിൽ തകർന്ന കപ്പലുകളും ഇനിയും നീക്കം ചെയ്യാത്ത കണ്ടെയ്നറുകളും പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്.
ചെറുമീനുകൾ;
ഫിഷറീസ് വകുപ്പു
പിഴ ചുമത്തുന്നു
അമ്പലപ്പുഴ: ചെറുമീനുകൾ കടൽനിയമം ലംഘിച്ചു പിടിക്കുന്ന വള്ളങ്ങൾക്കെതിരേ ഫിഷറീസ് വകുപ്പു പിഴ ചുമത്തിത്തുടങ്ങി. കഴിഞ്ഞദിവസം തോട്ടപ്പള്ളിയിൽ വളർച്ചയെത്താത്ത അയലയുമായെത്തിയ നാലു വള്ളങ്ങൾക്കാണ് കനത്ത പിഴ ചുമത്തിയത്. ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റ് ടീമുമാണ് പരിശോധനയ്ക്കു നേതൃത്വം കൊടുത്തത്. നാലു വള്ളങ്ങൾക്കായി രണ്ടു ലക്ഷം രൂപയോളം പിഴയിട്ടു. പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.