കൃഷിക്ക് ഭീഷണിയായി പോള; അധികൃതർ കൈമലർത്തി, കർഷകർ നീക്കം ചെയ്തു
1580345
Thursday, July 31, 2025 11:43 PM IST
അമ്പലപ്പുഴ: നെൽകൃഷിക്ക് ഭീഷണിയായ തോട്ടിലെ പോള നീക്കം ചെയ്യാൻ മുട്ടാത്ത വാതിലുകളില്ല.
ഒടുവിൽ കർഷകർത്തന്നെ പോള നീക്കം ചെയ്തു. തകഴി കുന്നുമ്മ കരിയാർ മുടിയിലക്കരി പാടശേഖരത്തിലെ കർഷകരാണ് അധികൃതർ കണ്ണടച്ചതിനെത്തുടർന്ന് സ്വന്തം കൈയിൽനിന്ന് പണം മുടക്കി തോട്ടിലെ പോള നീക്കം ചെയ്തത്.
400 ഏക്കറുള്ള പാടശേഖരത്ത് വിത്തു വിതച്ച് കൃഷിക്കു തുടക്കമായി. തൊട്ടടുത്ത പള്ളിത്തോട് എന്നറിയപ്പെടുന്ന തോട്ടിൽ ഒരാൾ പൊക്കത്തിൽ പോള നിറഞ്ഞുകിടക്കുകയാണ്. മഴ ശക്തമായപ്പോൾ തോട്ടിൽ ജലനിരപ്പുയർന്നതോടെ തോട് കരകവിഞ്ഞ് പാടശേഖരത്തേക്ക് ഒഴുകുന്ന സ്ഥിതിയായി. ഇത് മടവീഴ്ചയ്ക്കും കാരണമാകുമെന്ന ആശങ്കയാണ് കർഷകർക്ക്.
തങ്ങളുടെ അധ്വാനവും പണവും പാഴാകുമെന്ന ആശങ്ക ഉയർന്നതോടെ കർഷകർ തോട്ടിലെ പോള നീക്കം ചെയ്യാനായി ജില്ലാ കളക്ടർ, പഞ്ചായത്ത്, ജലസേചനവകുപ്പ് എന്നിവർക്ക് രണ്ടുമാസത്തിനിടെ പലതവണ കത്തും നിവേദനവും നൽകിയിട്ടും ഫലമുണ്ടായില്ല.
ഫണ്ടില്ലെന്നാണ് പഞ്ചായത്തും ജലസേചനവകുപ്പും പറയുന്നത്. ഫണ്ട് അനുവദിക്കാമെന്ന് കളക്ടർ പറഞ്ഞെങ്കിലും ഒരുരൂപ പോലും ലഭിക്കാതെ വന്നതോടെയാണ് കർഷകർ തോട് ശുചീകരണത്തിന് സ്വയമിറങ്ങിയത്. ഈ തോട് ശുചീകരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞുവെന്നാണ് കർഷകർ പറയുന്നത്.
തോട്ടിൽ നീരൊഴുക്ക് തടസപ്പെട്ടതോടെയാണ് ജലനിരപ്പുയർന്നത്. ഇത് പാടശേഖരത്തിനും കൃഷിക്കും ഭീഷണിയാകുമെന്ന ആശങ്കയാണ് കർഷകർക്ക്.
കൃഷി സംരക്ഷിക്കാനായി ലക്ഷങ്ങൾ അനുവദിക്കുന്നുവെന്ന് സർക്കാർ പ്രഖ്യാപനം നടത്തുമ്പോഴാണ് പോള നീക്കം ചെയ്യാൻ സർക്കാർ ഒരുരൂപ പോലും അനുവദിക്കാത്തത്.