അനധികൃത നിര്‍മാണത്തിനെതിരേ ചേർത്തല നഗരത്തിൽ നടപടി
1580148
Thursday, July 31, 2025 6:14 AM IST
ചേര്‍ത്തല: ചേർത്തല നഗരത്തിൽ അനധികൃതമായി കൈയേറി കെട്ടിയ തട്ടുകടകൾ തഹസിൽദാറുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കിത്തുടങ്ങി. ചേർത്തല കാർത്ത്യായനി ദേവീ ക്ഷേത്രത്തിനു വടക്കുവശം പ്രധാന റോഡിനോട് ചേർന്ന് കെട്ടിയ തട്ടുകടകളാണ് പൊളിച്ചുനീക്കിത്തുടങ്ങിയത്. നോട്ടീസ് നൽകിയിട്ടും മാറ്റാതിരുന്ന രണ്ടു കടകളാണ് ഇന്നലെ പൊളിച്ചുനീക്കിയത്.
റോഡ് വികസനത്തിന്റെ ഭാഗമായി കൈയേറിയ കടകൾ പൊളിച്ചുനീക്കണമെന്ന് നോട്ടീസ് നൽകിയെങ്കിലും ഒമ്പത് കടകളുടെ ഉടമകളുമായി കളക്ടറുടെ സാന്നിധ്യത്തിൽ ഹിയറിംഗ് നടക്കുന്നതിനാൽ അതിനുശേഷം തുടർ നടപടികള്‍ സ്വീകരിക്കും. അപേക്ഷ നൽകാതിരുന്ന രണ്ടുപേരുടെ കടകളാണ് ഇന്നലെ പൊളിച്ചുനീക്കിയത്.
ഭൂരേഖ വിഭാഗം തഹസിൽദാർ എം.സി. അനുപൻ, സൂപ്രണ്ട് സന്ധ്യ എസ്. നായർ, വില്ലേജ് ഓഫീസർ ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കടകൾ പൊളിച്ചുനീക്കിയത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ വരുംദിവസങ്ങളിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നു തഹസിൽദാർ അറിയിച്ചു.