അനധികൃത കൈയേറ്റം: ഒഴിപ്പിക്കല്‍ അറിയിപ്പു നല്കി
1580343
Thursday, July 31, 2025 11:43 PM IST
ആലപ്പുഴ: നഗരസഭാ പരിധിയില്‍ ഗതാഗതത്തിനും കാല്‍നടയാത്രയ്ക്കും തടസമാകുന്ന വഴിയോര കച്ചവടങ്ങള്‍ നിയന്ത്രിക്കുന്നതിനും കമാനങ്ങളും ചമയങ്ങളും നീക്കം ചെയ്ത് സഞ്ചാര യോഗ്യമാക്കുന്നതിനും നടപടികള്‍ ആരംഭിച്ചു. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ സംയുക്ത സ്ക്വാഡിനു മുന്നോടിയായാണ് നഗരസഭ ആരോഗ്യ വിഭാഗവും എന്‍യുഎല്‍എം വിഭാഗവും കടകളിലും തെരുവുകളിലും പരിശോധന നടത്തിയത്.
ജില്ലാകോടതി പാലം മുതല്‍ കളരിക്കല്‍ ജംഗ്ഷന് വരെയുള്ള 48 കടകളില്‍ പരിശോധന നടത്തുകയും അനധികൃതമായി പാതയോരങ്ങള്‍ കൈയേറി കച്ചവടം ചെയ്യുന്നവര്‍ക്ക് ഒഴിഞ്ഞുപോകുന്നതിന് നിര്‍ദേശം നല്‍കുകയും ചെയ്തു. അനുമതിയുള്ള തട്ടുകടകള്‍ക്ക് അവയുടെ വലുപ്പം നിയമാനുസൃതമായി ക്രമപ്പെടുത്തുന്നതിനും നടപ്പാതകള്‍ കൈയേറി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും കമാനങ്ങളും നീക്കം ചെയ്യുന്നതിനും നിര്‍ദേശം നല്കി.
സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബി.എ. ഷാംകുമാര്‍, കൃഷ്ണമോഹന്, ശങ്കര്‍മണി, ജിഷ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജി. പ്രവീണ്‍, ഐവി, പ്രവീണ്‍ ജോയ്, സാലിന് ഉമ്മന്‍, എന്‍യുഎല്‍എം സിറ്റി മിഷന് മാനേജര്‍ ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്കി.