മുട്ടാര്‍ സെന്‍ട്രല്‍ റോഡിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണും: എംഎല്‍എ
1579808
Tuesday, July 29, 2025 11:45 PM IST
എടത്വ: മുട്ടാര്‍ സെന്‍ട്രല്‍ റോഡിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണുമെന്ന് തോമസ് കെ തോമസ് എംഎല്‍എ പറഞ്ഞു. നിരന്തരമായി റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന ഭാഗങ്ങള്‍ ഉയര്‍ത്തി നിര്‍മിക്കുന്നതിനായി റണ്ണിംഗ് കോണ്‍ട്രാക്ട് പദ്ധതി, നവ കേരള പദ്ധതി എന്നിവയില്‍ തുക അനുവദിച്ചിട്ടുണ്ട്.
പ്രധാനമായും സഹൃദയ ജംഗ്ഷന് മുതല്‍ ദീപ ജംഗ്ഷന് വരെയുള്ള ഭാഗമാകും പുനര്‍നിര്‍മിക്കുക. മാമ്പുഴക്കരി മുതല്‍ കളങ്ങര വരെയുള്ള റോഡില്‍ താത്കാലികമായി യാത്രാ സൗകര്യം ഒരുക്കുന്നതിനാവശ്യമായ നിര്‍ദേശം കരാര്‍ കമ്പനിക്ക് നല്‍കിയിട്ടുണ്ട്.
വീയപുരം -മുളയ്ക്കാംതുരുത്തി റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് താത്കാലിക സംവിധാനം ഒരുക്കുന്നത്. മുളയ്ക്കാംതുരുത്തി, വാലടി പ്രദേശങ്ങളില്‍നിന്ന് ഈ പ്രവൃത്തി ആരംഭിച്ചിട്ടുള്ളതായും എംഎല്‍എ അറിയിച്ചു.
മിത്രക്കരി-നെല്ലാനിക്കല്‍ വാടപ്പറമ്പ് കലിങ്ക് റോഡിന്റെ പുനര്‍ നിര്‍മാണത്തിനായി 1.10 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടു ണ്ട്. ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വിഭാഗം മുഖേനെയാകും റോഡ് പുനര്‍ നിര്‍മിക്കുക. സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പാക്കേജ് മൂന്നിലാണ് മുട്ടാര്‍ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. 3.50 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന ഓവര്‍ഹെഡ് ടാങ്ക് നിര്‍മാണത്തിനും 36.15 കി.മി. ദൈര്‍ഘ്യമുള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും എം എൽഎ പറഞ്ഞു.