തീരത്തു വീണ്ടും ആവേശം; ബോട്ടുകൾ കടലിലേക്ക്
1580158
Thursday, July 31, 2025 6:15 AM IST
ആലപ്പുഴ: ട്രോളർ ബോട്ടുകൾ ആഴക്കടലിലേക്കു പോകാനൊരുങ്ങി. ട്രോളിംഗ് നിരോധനം കഴിയുന്നതോടെയാണ് ട്രോളർ ബോട്ടുകളും വലിയ വള്ളങ്ങളും മീൻപിടിത്തത്തിനു പോകാൻ തയാറെടുക്കുന്നത്. നാളെ അർധരാത്രിയോടെ നിരോധനം തീരും.
നാളെ അർധരാത്രി കഴിയുന്നതോടെ അഴീക്കൽ, ചെല്ലാനം ഹാർബറുകളിൽനിന്നു ട്രോളർ ബോട്ടുകൾ ആഴക്കടലിലേക്കു പോകും. ട്രോളിംഗ് നിരോധനകാലത്തു രണ്ടുമുതൽ അഞ്ചു ലക്ഷം രൂപ വരെ അറ്റകുറ്റപ്പണികൾക്കു ബോട്ടുകൾക്കു ചെലവാക്കിയിട്ടുണ്ട്.
ബോട്ടുകൾ മീൻപിടിത്തം തുടങ്ങുന്നതോടെ ഇതുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നവരുടെ കുടുംബങ്ങൾക്കും ആശ്വാസമാകും. ജില്ലയിൽ അറുപതോളം ട്രോളർ ബോട്ടുകളാണുള്ളത്. ഇവയിലും മറ്റു ജില്ലകളിലെ വള്ളങ്ങളിലുമായി ജോലി ചെയ്യുന്ന 1,000-1,500 മത്സ്യത്തൊഴിലാളികളാണു ജില്ലയിലുള്ളത്. ജില്ലയിൽ ആകെയുള്ള മത്സ്യത്തൊഴിലാളികളുടെ അഞ്ചു ശതമാനത്തോളമാണിത്. ജൂൺ 10 മുതൽ 52 ദിവസമായിരുന്നു ട്രോളിംഗ് നിരോധനം.
കുറവു വരുത്തും
ട്രോളിംഗ് നിരോധനകാലത്തു ചില വള്ളങ്ങൾ വളർച്ചയെത്താത്ത മീനുകളെ പിടിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. വിവരമറിഞ്ഞു ചെന്ന തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. മീൻകുഞ്ഞുങ്ങൾ കുറഞ്ഞാൽ അത് എല്ലാവരെയും ബാധിക്കും.
വില കുറയും
ആഴക്കടലിലേക്കും മത്സ്യബന്ധന യാനങ്ങൾ എത്തുന്നതോടെ തീരക്കടലിൽ കൂടുതൽ മീൻ ലഭിക്കുമെന്ന പ്രതീക്ഷയും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പങ്കുവയ്ക്കുന്നു.
ട്രോളിംഗ് നിരോധന കാലം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു ഗുണകരമാണെങ്കിലും ഇത്തവണ കാലാവസ്ഥ തിരിച്ചടിയായി. ഒരു കുട്ട മത്തിക്ക് 280 രൂപയാണു ലഭിച്ച ഏറ്റവും ഉയർന്ന വില. ട്രോളിംഗ് ബോട്ടുകൾ കടലിൽ ഇറങ്ങുന്നതോടെ വില വീണ്ടും കുറയുമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു.
ശക്തമായ മഴയും കാറ്റും കാരണമുള്ള നിയന്ത്രണങ്ങൾ മൂലം ആകെ 10-15 ദിവസം മാത്രമാണു പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു കടലിൽ പോകാനായത്. കടലിൽ പോയ ദിവസങ്ങളിൽ മത്സ്യലഭ്യതയും വിലയും കുറവായിരുന്നു.