അരൂര്‍ - തുറവൂര്‍ സമാന്തര റോഡുകളുടെ നവീകരണം: 36.20 ലക്ഷം രൂപകൂടി അനുവദിച്ചു
1580570
Saturday, August 2, 2025 12:03 AM IST
ആലപ്പുഴ: അരൂര്‍ - തുറവൂര്‍ ഉയരപ്പാത നിര്‍മാണ മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സമാന്തര റോഡുകള്‍ നവീകരിച്ച് ഗതാഗതയോഗ്യമാക്കുന്നതിന് നേരത്തെ എട്ടരക്കോടി അനുവദിച്ചതിന് പുറമേ 36.20 ലക്ഷം രൂപകൂടി അനുവദിച്ചതായി ദേശീയപാത അഥോറിറ്റി കെ.സി. വേണുഗോപാല്‍ എംപിയെ അറിയിച്ചു.
എട്ടരക്കോടി രൂപ നേരത്തേ പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു. എന്നാല്‍ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ 36.20 ലക്ഷം രൂപകൂടി വേണമെന്ന പൊതുമാരമത്ത് വകുപ്പിന്റെ ആവശ്യപ്രകാരമാണ് അധിക 36.20 ലക്ഷം രൂപയുടെ ഭരണാനുമതിക്കായി കെ.സി. വേണുഗോപാല്‍ ഇടപെടല്‍ നടത്തിയത്.
തുറവൂര്നിന്നും കുമ്പളങ്ങി വഴിയും തുറവൂര്‍ - മാക്കേക്കടവ് വഴിയും എറണാകുളത്തേക്ക് ദേശീയപാതയ്ക്ക് സമാന്തരമായി രണ്ടു പ്രധാന റോഡുകളാണ് അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കുന്നത്.
ഉയരപ്പാത നിര്‍മാണ മേഖലയില്‍ അപകടമരണങ്ങള്‍ തുടര്‍ക്കഥയാവുകയും ഗതാഗത തടസം ഗുരുതരമായവുകയും ചെയ്തതോടെയാണ് കെ.സി. വേണുഗോപാല്‍ എംപി ഇടപെട്ട് ദേശീയപാതാ അഥോറിറ്റിയെക്കൊണ്ട് സമാന്തര റോഡുകള്‍ ശക്തിപ്പെടുത്താന്‍ പണം അനുവദിപ്പിച്ചത്.