ദേശീയപാതയിൽ കഞ്ഞിക്കുഴിയില്‍ പാലം: സിപിഐ പ്രതിഷേധ പ്രകടനം നടത്തി
1580568
Saturday, August 2, 2025 12:03 AM IST
ചേർത്തല: ദേശീയപാതയിൽ കഞ്ഞിക്കുഴിയില്‍ എഎസ് കനാലിന് കുറുകെ പാലം വേണമെന്ന് ആവശ്യപ്പെട്ട് സിപിഐ ചേർത്തല തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. എഎസ് കനാൽ മണ്ണിട്ട് മൂടിയുള്ള നിർമാണ പ്രവർത്തനം ഒഴിവാക്കുക, കനാലിനു കുറുകെ പാലം നിർമിക്കണമെന്ന ആവശ്യം നടപ്പിലാക്കുക, കനാലിന്റെ ടൂറിസം സാധ്യതകൾ ഉറപ്പുവരുത്തുക, കനാൽ മണ്ണിട്ട് മൂടിയുള്ള നിർമാണപ്രവർത്തനം നിർത്തിവയ്ക്കണമെന്ന ഇറിഗേഷൻ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ അവഗണിക്കുന്ന നിർമാണ കമ്പനിയുടെയും നാഷണൽ ഹൈവേ അധികൃതരുടെയും ധാര്‍ഷ്ട്യം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കഞ്ഞിക്കുഴിയിലെ നിർമാണ സ്ഥലത്തേയ്ക്ക് പ്രതിഷേധം സംഘടിപ്പിച്ചത്.
ദേശീയപാത 66-ല്‍ ആലപ്പുഴ മുതൽ ചേർത്തല ഭാഗംവരെ മുൻകാലങ്ങളിൽ ചരക്കുവള്ളങ്ങൾ ഉൾപ്പെടെ ജലഗതാഗതത്തിനുവേണ്ടി എഎസ് കനാലിലൂടെയാണ് കടന്നുപോയിരുന്നത്. നിലവിലെ നിർമാണ പ്രവർത്തനങ്ങൾമൂലം കനാലിലെ ഒഴുക്കിനു കൂടുതൽ തടസം നേരിടുന്നുണ്ട്. 25 മീറ്ററോളം വീതിയുള്ള എഎസ് കനൽ ഈ ഭാഗത്ത് പൂർണമായി മൂടപ്പെട്ടിരിക്കുകയാണ്. എന്നാൽ, നിർമാണം നിരാക്ഷേപപത്രം ലഭ്യമാകുന്ന മുറയ്ക്കും മാനദണ്ഡങ്ങൾക്ക് വിധേയമായും മാത്രമേ പ്രവർത്തനങ്ങൾ നടത്തുവാൻ പാടുള്ളൂ എന്നുകാട്ടി ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എന്‍ജിനിയർ സ്റ്റോപ്പ് മെമ്മോ നൽകിട്ടുണ്ട്.
സിപിഐ ചേർത്തല തെക്ക് മണ്ഡലം സെക്രട്ടറി കെ.ബി. ബിമൽ റോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം ബൈരഞ്ജിത്ത്, കെ. നാസർ, എം.ഡി. അനിൽകുമാർ, എം.ഡി. മുരളി, ജിജോ രാധാകൃഷ്ണൻ, കെ.എസ്. ഷിബു, സാംജു സന്തോഷ്, ഓമനക്കുട്ടൻ, പ്രവീൺ, ഷീലാ പാപ്പച്ചൻ, പ്രസന്ന മുരളി തുടങ്ങിയവർ പ്രസംഗിച്ചു.