ദുഃഖഭൂമിയായി കീച്ചേരികടവ്
1581332
Monday, August 4, 2025 11:24 PM IST
മാവേലിക്കര: പാലത്തിന്റെ സ്പാൻ തകർന്ന് അപകടം സംഭവിച്ച കീച്ചേരിക്കടവിൽ രാഘവ് കാര്‍ത്തിക്കിന്റെ ബന്ധുക്കളുടെയും ബിനുവിന്റെ ജ്യേഷ്ഠൻ ബിജുവിന്റെയും നിലവിളി കൂടി നിന്നവരുടെയും കണ്ണുനനച്ചു. രാഘവിന്റെ മാതാവ് ഗീതയുടെ അലമുറയിട്ടുള്ള കരച്ചിൽ എല്ലാവർക്കും നൊന്പരം പകർന്നു.
അഞ്ചു മാസത്തെ മാത്രം ദാമ്പത്യമാണ് രാഘവിനും ആതിരയ്ക്കും ഉണ്ടായത്. ആതിരയെ ആശ്വസിപ്പിക്കാൻ ആളുകൾ ബുദ്ധിമുട്ടി. ബന്ധുക്കളില്‍ പലരും രാഘവ് അവരെ ചേര്‍ത്തു പിടിച്ച് പല പ്രതിസന്ധികളിലും രക്ഷപ്പെടുത്തിയ കഥകള്‍ പറഞ്ഞു കരയുന്നതു കാണാമായിരുന്നു. അച്ഛന് കാര്ത്തികേയന് കടവിലേക്ക് കണ്ണുംനട്ട് സ്തംഭിച്ച് ഇരുന്നു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പ്രദേശവാസികളില്‍ ചിലരുടെയും മുഖത്തും സങ്കടം ഘനീഭവിച്ചതോടെ കീച്ചേരിക്കടവ് ദുഃഖമൂകമായി.
പ്രത്യാരോപണങ്ങള്‍
പാടില്ല: യു. പ്രതിഭ
എംഎല്‍എ
അപകട സമയത്ത് ആരോപണ പ്രത്യാരോപണങ്ങള്‍ ഒഴിവാക്കണമെന്നു കായംകുളം എംഎല്‍എ യു.പ്രതിഭ. രാഷ്ട്രീയം വേണം എന്നാൽ, ഇത്തരത്തിലുള്ള ദുഷിച്ച രാഷ്ട്രീയം പാടില്ല. പാലത്തിന് എന്തു പറ്റിയതാണെന്ന് തനിക്ക് അറിയില്ല. അത് എന്‍ജിനിയര്‍മാര്‍ പറയേണ്ട കാര്യമാണ്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുക എന്നതിനാണ് ഏതൊരു അപകട സമയത്തും പ്രഥമ പരിഗണന കൊടുക്കേണ്ടത്.
നിര്‍മാണത്തിലെ വീഴ്ച
നേരത്തെ ചൂണ്ടിക്കാട്ടി
കീച്ചേരില്‍ കടവ് പാലത്തിന്റെ ത്തിലെ അപാകത മുന്‍പേ ചൂണ്ടിക്കാട്ടിയതായിരുന്നുവെന്നു വാര്‍ഡ് മെമ്പര്‍ സോവല്ലി പറഞ്ഞു. ശക്തമായ ഒഴുക്കിൽ ഒഴുകി വന്ന മരം ഇടിച്ച് ട്രസിന്റെ ഒരു തൂണ് തകര്‍ന്നു പോയി. അതുമാറ്റി പുതിയ തൂണ് സ്ഥാപിച്ചപ്പോള്‍ സുരക്ഷാ പരിശോധനകള്‍ നടത്തിയില്ല. അപകടമുണ്ടായപ്പോൾ പാലത്തിന്റെ സൂപ്പര്‍വൈസറോട് എത്ര തൊഴിലാളികള്‍ ഉണ്ടായിരുന്നു കോണ്‍ക്രീറ്റിന് എന്നു ചോദിച്ചപ്പോള്‍ അറിയില്ലായിരുന്നുവെന്നായിരുന്നു മറുപടി.
സോമവല്ലി (വാര്‍ഡ് മെമ്പര്‍)
സുരക്ഷാ മാനദണ്ഡം പാലിച്ചില്ല
ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു പാലത്തിന്റെ പണി. ഫോം വര്‍ക്ക് പൂര്‍ത്തിയായ ശേഷം സേഫ്റ്റി എന്‍ജിനിയര്‍ പരിശോധിച്ച് അപകടം ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം വേണം കോണ്‍ക്രീറ്റ് ചെയ്യാന്‍. കോണ്‍ക്രീറ്റ് ഇടുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിച്ചിട്ടില്ല. ഇതിനുപയോഗിച്ച മെറ്റീരിയലുകളുടെ കാര്യത്തിലും സംശയമുണ്ട്.
മുരളീധരന് (പ്രദേശവാസി)
ബിജുവിനു
രക്ഷകരായത്
ഇതരസംസ്ഥാന
തൊഴിലാളികൾ
അനുജന് ബിനുവും രാഘവ് കാര്‍ത്തിക്കും ഒഴുക്കില്‍പ്പെട്ടതു കണ്ട് അവരെ രക്ഷിക്കാനായി ആറ്റിലേക്ക് എടുത്തു ചാടിയ തൃക്കുന്നപുഴ കിഴക്ക് വടക്ക്മുറിയില്‍ മണികണ്ഠന് ചിറയില്‍ ബിജുവിനു രക്ഷകരായതു മൂന്ന് അതിഥി തൊഴിലാളികള്‍. കീച്ചേര കടവിനു സമീപം വീടിന്റെ നിര്‍മാണത്തിൽ ഏര്‍പ്പെട്ടുകൊണ്ടിരുന്ന ബീഹാര്‍ ബേത്യ സ്വദേശികളായ ശത്രുഘ്നന്‍ സാഹിനി(40), അനില്‍ഷാ(32), സിഹിബ് റാവു(52) എന്നിവരാണ് ബിജുവിനെ രക്ഷിച്ചത്.
ഇവര്‍ ഉച്ചയ്ക്ക് ആഹാരം കഴിച്ച ശേഷം വിശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ മൂന്നു പേര് ഒഴുക്കില്‍പ്പെട്ടതാണ് മൂവരും കണ്ടത്. ഉടന്‍തന്നെ കയര്‍ ഇട്ടു കൊടുത്ത് ഇവരെ രക്ഷപ്പെടുത്താനായി ശ്രമിച്ചു. ബിജുവിനെ രക്ഷിക്കാന്‍ സാധിച്ചെങ്കിലും മറ്റു രണ്ടുപേരും അപ്പോഴേക്കും താഴ്ന്നു പോയിരുന്നു. സാഹിത് റാവുവും ശത്രുഘനന് സാഹിനിയും ഇരുപത് വര്‍ഷമായും അനില്‍ ഷാ എട്ട് വര്‍ഷമായും കേരളത്തില്‍ ജോലി ചെയ്തു വരുന്നവരാണ്.