ചെങ്ങന്നൂർ മാസ്റ്റർപ്ലാൻ ബിജെപി സമരം; തെരഞ്ഞെടുപ്പ് നാടകമെന്ന് യുഡിഎഫ്
1581067
Sunday, August 3, 2025 11:45 PM IST
ചെങ്ങന്നൂര്‍: നഗരസഭയുടെ മാസ്റ്റര്‍പ്ലാനുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന സമരം വരുന്ന നഗരസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നാടകം മാത്രമാണെന്ന് യുഡിഎഫ് ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശപ്രകാരം നടപ്പിലാക്കുന്ന ഒന്നാണ് മാസ്റ്റര്‍ പ്ലാനെന്നും ഇതില്‍നിന്ന് നഗരസഭ കൗണ്‍സിലിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ. ഷിബുരാജനും സെക്രട്ടറി റിജോ ജോണ്‍ ജോര്‍ജും പറഞ്ഞു.
മാസ്റ്റര്‍പ്ലാന്‍
നടപ്പാക്കിയത്
ഐകകണ്ഠ്യേന
ചെങ്ങന്നൂര്‍ നഗരസഭയില്‍ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ കൗണ്‍സില്‍ ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തത്. ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്ടെത്തലുകള്‍ കാരണം ചില ബുദ്ധിമുട്ടുകള്‍ പൊതുജനങ്ങള്‍ക്കു ണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഡിഎഫ് സമ്മതിക്കുന്നു. എന്നാല്‍, ഇതു പരിഹരിക്കാന്‍ പുനഃപ്രസിദ്ധീകരണം ആവശ്യമാണ്. പുനഃപ്രസിദ്ധീകരണം നടത്തുന്നതോടെ പല പരാതികള്‍ക്കും പരിഹാരമുണ്ടാകുമെന്നും യുഡിഎഫ് വ്യക്തമാക്കി.
ബിജെപി
സമരത്തിന്റെ ലക്ഷ്യം
ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നത് തടയാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് യുഡിഎഫ് ആരോപിച്ചു.
പുനഃപ്രസിദ്ധീകരണം നടന്നാല്‍ അത് യുഡിഎഫിന് നേട്ടമുണ്ടാക്കുമെന്ന ഭയമാണ് സമരത്തിനു പിന്നില്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പുനഃപ്രസിദ്ധീകരണം തടസപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം.
സര്‍ക്കാരിനെതിരേയും ആരോപണം
മാസ്റ്റര്‍പ്ലാന്‍ പുനഃപ്രസിദ്ധീകരണം മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് യുഡിഎഫ് ഇടതു സര്‍ക്കാരിനെതിരേയും ആരോപണം ഉന്നയിച്ചു. മറ്റ് നഗരസഭകളില്‍ സമയബന്ധിതമായി പുനഃപ്രസിദ്ധീകരണം നടന്നപ്പോള്‍ ചെങ്ങന്നൂരില്‍ മാത്രം കാലതാമസം വരുന്നത് ദുരൂഹമാണ്.
ഈ കാലതാമസവും ബിജെപിയുടെ സമരവും തമ്മില്‍ ബന്ധമുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്സണ്‍ പുനഃപ്രസിദ്ധീകരണത്തിന് അടിയന്തര നടപടി ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും സര്‍ക്കാര്‍ വൈകിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.