മെഡി. കോളജ് ആശുപത്രിയിൽ അത്യാവശ്യ മരുന്നുപോലും കിട്ടാനില്ല; രോഗികൾ ദുരിതത്തിൽ
1581065
Sunday, August 3, 2025 11:45 PM IST
അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരുന്നു ക്ഷാമം രൂക്ഷം. ഒപിയില്‍ മണിക്കൂറുകളോളം ക്യൂ നിന്ന് പ്രധാന ഡോക്ടര്‍മാരെ കണ്ട് പരിശോധന നടത്തിയശേഷം ഇവര്‍ കുറിക്കുന്ന മരുന്നിനു വരുമ്പോള്‍ ഇല്ലെന്ന മറുപടിയാണ് സ്ഥിരം പല്ലവി. ഇതിനും ഫാര്‍മസിക്കു മുന്നില്‍ നീണ്ട ക്യൂ തന്നെ.
ഹൃദ്രോഗം, വ്യക്കരോഗം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ഒരു മരുന്നും മെഡിക്കല്‍ ഫാര്‍മസിയിലില്ല. ജില്ലയുടെ നാനാഭാഗത്തുനിന്നു പാവപ്പെട്ടവര്‍ അടക്കം രോഗികള്‍ പ്രതീക്ഷയോടെയാണ് ഈ ആതുരാലയത്തിലേക്ക് എത്തുന്നത്.
എന്നാല്‍, വിലപിടിപ്പുള്ള മരുന്നുകള്‍ വെളിയിലെ മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് വാങ്ങിക്കേണ്ട ഗതികേടിലാണ്. അധികൃതര്‍ കൊട്ടിഘോഷിച്ചു നടത്തുന്ന കാരുണ്യ മെഡിക്കല്‍ സ്റ്റോറിന്റെ അവസ്ഥയും പരിതാപകരമാണ്. ഒപി ഫാര്‍മസിയില്‍ ഞായറാഴ്ച ആവശ്യത്തിന് ജീവനക്കാരില്ലാത്തതും രോഗികളെ വലയ്ക്കുന്നു.
ശീതികരിച്ച പഞ്ചനക്ഷത്ര സെറ്റപ്പിലുള്ള കുറെ കെട്ടിടങ്ങള്‍ ഒഴിച്ചാല്‍ ഇപ്പോഴും വിദഗ്ധ ചികിത്സയ്ക്കു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികളും ബന്ധുക്കളും.