കണ്ടെയ്നറിൽ ഉടക്കി വീണ്ടും മത്സ്യബന്ധന വല നശിച്ചു
1581068
Sunday, August 3, 2025 11:45 PM IST
അമ്പലപ്പുഴ: കണ്ടെയ്നറിൽ ഉടക്കി വീണ്ടും മത്സ്യബന്ധന വല നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. അമ്പലപ്പുഴ കോമന പുതുവൽ മധുവിന്റെ ഉടമസ്ഥതയിലുള്ള ഹരേകൃഷ്ണ എന്ന വീഞ്ച് വള്ളത്തിന്റെ വലയാണ് കണ്ടെയ്നറിൽ ഉടക്കി നശിച്ചത്. പുലർച്ചെ 5 ഓടെ തോട്ടപ്പള്ളി തുറമുഖത്തുനിന്ന് 20 ഓളം തൊഴിലാളികളുമായാണ് മത്സ്യബന്ധനത്തിനു പോയത്.
ഇവിടെനിന്ന് 20 നോട്ടിക്കൽ മൈൽ അകലെ പുറക്കാട് പുറം കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് വല കണ്ടെയ്നറിൽ ഉടക്കി നശിച്ചത്. ഏകദേശം ഒന്നരലക്ഷം രൂപയുടെ മത്സ്യവും നഷ്ടപ്പെട്ടു. വല തകർന്നതോടെ ഇത്രയും തൊഴിലാളികളുടെ ഉപജീവനമാർഗവും ഇല്ലാതായി.
ഏകദേശം രണ്ടു ലക്ഷം രൂപയുടെ വലയാണ് നഷ്ടപ്പെട്ടത്. ഇനി ഒരാഴ്ചയോളം തുടർച്ചയായി ജോലി ചെയ്താൽ മാത്രമേ വല പൂർവ സ്ഥിതിയിലാക്കാൻ കഴിയൂ എന്ന് തൊഴിലാളികൾ പറഞ്ഞു. വല പൂർവ സ്ഥിതിയിലാക്കാൻ ഏകദേശം അമ്പതിനായിരം രൂപയോളം ചെലവും വരും. മാസങ്ങൾക്കു മുൻപുണ്ടായ കപ്പലപകടത്തിനു പിന്നാലെ കടലിൽ കിടക്കുന്ന കണ്ടെയ്നറിൽ ഉടക്കി മത്സ്യബന്ധന വല നശിക്കുന്നത് പതിവ് സംഭവമായിരിക്കുകയാണ്.