സെബാസ്റ്റ്യനുമായി വീണ്ടും തെളിവെടുപ്പ്; ജയ്നമ്മയുടെ സ്വര്‍ണം വീണ്ടെടുത്തു
1580880
Sunday, August 3, 2025 6:07 AM IST
ചേര്‍ത്തല: ദുരൂഹസാഹചര്യത്തില്‍ മൂന്നു സ്ത്രീകളെ കാണാതായ സംഭവത്തില്‍ പ്രതി സെബാസ്റ്റ്യനുമായി ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തു. ഏറ്റുമാനൂര്‍ സ്വദേശിനി ജയ്നമ്മയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പു നടത്തുന്നത്.
ജയ്നമ്മ ധരിച്ചിരുന്ന സ്വര്‍ണം സെബാസ്റ്റ്യന്‍ ചേര്‍ത്തലയിലെ സഹകരണ ബാങ്കിലും സ്വകാര്യ ധനകാര്യ സ്ഥാപനത്തിലുമായി പണയം വയ്ക്കുകയും പിന്നീട് അവിടെ നിന്നെടുത്തു വില്‍ക്കുകയും ചെയ്തിരുന്നു. ഈ സ്വര്‍ണം അന്വേഷണ സംഘം വീണ്ടെടുത്തു. കാണാതാകുമ്പോള്‍ ജയ്നമ്മ ധരിച്ചിരുന്നതെന്നു കരുതുന്ന സ്വര്‍ണമാണ് ഇയാളുടെ സാന്നിധ്യത്തിലെത്തി വീണ്ടെടുത്തത്.
പണയവും വില്പനയും
ചേര്‍ത്തല ഡിവൈഎസ്പി ഓഫീസിനു മുന്നിലുള്ള ശ്രീവെങ്കിടേശ്വര ജ്വല്ലറിയില്‍നിന്നാണ് സ്വര്‍ണം വീണ്ടെടുത്തത്. ജയ്നമ്മയെ കാണാതായ 2024 ഡിസംബര്‍ 23ന് ഉച്ചയ്ക്കു ശേഷം ചേര്‍ത്തല നഗരത്തിലെ സഹകരണ ബാങ്കിന്റെ പ്രഭാത സായാഹ്ന ശാഖയില്‍ 25.5 ഗ്രാം സെബാസ്റ്റ്യന്റെ സഹായി മനോജ് പണയം വച്ചിരുന്നു. 24ന് ദേവീക്ഷേത്രത്തിനു വടക്കുവശത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ രണ്ടു ഗ്രാമും പണയം വച്ചു.
ജയ്നമ്മയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കൈക്കലാക്കി പണയം വയ്ക്കുകയായിരുന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പിന്നീട് രണ്ടിടത്തുനിന്നു സ്വര്ണമെടുത്താണ് ശ്രീവെങ്കിടേശ്വര ജ്വല്ലറിയില്‍ വിറ്റത്. ആകെ അഞ്ചു പവനാണ് വിറ്റത്. മൂന്നു സ്ഥാപനങ്ങളിലും സെബാസ്റ്റ്യനെ എത്തിച്ചു സാക്ഷികളുടെ സാന്നിധ്യത്തില്‍ തെളിവുകള്‍ ശേഖരിച്ചു. സ്ഥാപന ഉടമകളും നടന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തിനു വിശദീകരിച്ചു.
രാവിലെ 10.30ഓടെ തുടങ്ങിയ നടപടി സന്ധ്യയോടെയാണ് പൂര്‍ത്തിയായത്. ഡിവൈഎസ്പി മാരായ സാജന് സേവ്യര്‍, ടി.ആര്. പ്രദീപ് കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍മാരായ എം.എസ്. രാജീവ്, ജിജിന് ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ 40 അംഗ പോലീസ് സംഘമാണ് തെളിവെടുപ്പിനായെത്തിയത്.
ഇന്നു വീട്ടിൽ തെളിവെടുപ്പ്
ഇന്ന് സെബാസ്റ്റ്യനുമായി ചേര്‍ത്തല പള്ളിപ്പുറത്തുള്ള വീട്ടിലെത്തി ക്രൈംബ്രാഞ്ച് തെളിവെടുക്കും. വീട്ടുവളപ്പില്‍ ആവശ്യമായ പരിശോധനകള്‍ക്കായി ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ജയ്നമ്മയുടെ തിരോധാനം അന്വേഷിക്കുന്ന സംഘം 28ന് പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയിലാണ് ശരീരാവശിഷ്ടങ്ങള്‍ കത്തക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജയ്നമ്മയുടെതെന്നാണ് നിഗമനം. ഇതിന്റെ ശാസ്ത്രീയ തെളിവിനായി ഡിഎന്‍എ പരിശോധനയ്ക്കയച്ചിട്ടുണ്ട്.
മൂന്നു സ്ത്രീകളെ കാണാതായ സംഭവത്തിലാണ് നിലവിൽ അന്വേഷണം. ഇതിനിടയില്‍ തിരുവിഴ സ്വദേശിനിയെ കാണാതായതിനു പിന്നിലും സെബാസ്റ്റ്യന്‍ തന്നെയാണോയെന്ന് നാട്ടുകാരില്‍ ചിലര്‍ ഇപ്പോള്‍ സംശയം ഉയര്‍ത്തിയിട്ടുണ്ട്.