എലവേറ്റഡ് ഹൈവേ തുറവൂരിൽ തീർക്കരുത്
1580900
Sunday, August 3, 2025 6:21 AM IST
തുറവൂർ: ദേശീയപാത 66ലെ നിര്‍മാണവുമായി ബന്ധപ്പെട്ട് അരൂരിൽ ആരംഭിച്ചു തുറവൂർ ജംഗ്ഷനിൽ അവസാനിക്കുന്ന തരത്തിൽ നിർമാണം പുരോഗമിക്കുന്ന ഉയരപ്പാത തുറവൂർ ജംഗ്ഷനിൽനിന്നു തെക്കോട്ട് നീട്ടുന്നതിന്റെ സാധ്യത തേടി കെ.സി. വേണുഗോപാൽ എംപി സ്ഥലം സന്ദർശിച്ചു.
തുറവൂരിലെ ഗതാഗത പ്രശ്നം പരിഹരിക്കാനായി കവലയില്‍നിന്നു തെക്കോട്ട് എലവേറ്റഡ് ഹൈവേ നീട്ടാനാവശ്യമായ ഇടപെടലിനായി കഴിഞ്ഞ ദിവസം വേണുഗോപാല്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്കു കത്തു നല്‍കിയതിനു പിന്നാലെയാണ്പ്രദേശവാസികളുടെ സ്ഥലം സന്ദർശിച്ചത്.
ആകെ അടഞ്ഞ് തുറവൂർ
മണ്ഡലകാലത്ത് നിരവധി അയ്യപ്പഭക്തരെത്തുന്ന തുറവൂര്‍ മഹാദേവക്ഷേത്രത്തിലേക്കുള്ള പ്രവേശനവും തുറവൂർ താലൂക്ക് ആശുപത്രി, ഉൾപ്രദേശങ്ങളായ പള്ളിത്തോട്, ചെല്ലാനം, കുമ്പളങ്ങി, തൈക്കാട്ടുശേരി എന്നിവടങ്ങളിലേക്കുള്ള ഗതാഗത മാർഗങ്ങളും അടഞ്ഞുപോകുന്ന തരത്തിലാണ് ഇപ്പോൾ നിർമാണം പുരോഗമിക്കുന്നത്.
കൂടാതെ ബസ് സർവീസുകളും പ്രാദേശിക വ്യാപാരസ്ഥാപങ്ങളും ഇപ്പോഴത്തെ നിർമാണം തുടർന്നാൽ പ്രതിസന്ധിയിലാകും. ഓട്ടോ-ടാക്സി ജീവനക്കാരെയും സ്കൂള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസിലെത്തുന്നവരെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ആംബുലന്‍സ്, ഫയര്‍ഫോഴ്സ് തുടങ്ങിയ അവശ്യ സര്‍വീസുകളുടെ സുഗമമായ യാത്ര തടസപ്പെടുത്തുന്ന വിധമാണ് റോഡിന്റെ നിര്‍മാണം നടക്കുന്നത്. ഈ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതിപ്പെട്ടതോടെയാണ് എംപി തുറവൂരിലെത്തിയത്.
നിരവധി അപകടങ്ങൾ
ഉയരപ്പാത തുറവൂരിൽനിന്നു തെക്കോട്ടു നീക്കണമെന്ന ആവശ്യം നേരത്തേ ഉന്നയിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നെങ്കിലും നിലവിലെ നിര്‍മാണം അതനുസരിച്ചല്ല മുന്നോട്ടുപോകുന്നത്. ഇതിനകം നിരവധി അപകടങ്ങളിലായി 41 ഓളം മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടു. ഈ പ്രശ്നങ്ങള്‍ പരിഹരിച്ച് മാത്രമേ ദേശീയപാത നിര്‍മാണം മുന്നോട്ടുപോകാവൂയെന്ന് വേണുഗോപാല്‍ ഒപ്പമുണ്ടായിരുന്ന ദേശീയപാത അഥോറിട്ടി പ്രോജക്ട് ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.