തലവടിയിൽ പുറത്താക്കലും അകത്താക്കലുമായി സിപിഎം
1581076
Sunday, August 3, 2025 11:45 PM IST
എടത്വ: തലവടി പഞ്ചായത്തില്‍ പുറത്താക്കലും അകത്താക്കലുമായി സിപിഎം പ്രാദേശിക നേതൃത്വം. പഞ്ചായത്ത് സ്റ്റാന്ഡിംംഗ് കമ്മിറ്റി ചെയര്‍പേഴ്സണായ ലോക്കല്‍ കമ്മിറ്റി അംഗത്തെ പുറത്താക്കി. കേരള കോണ്‍ഗ്രസ്-ജേക്കബ് പ്രാദേശിക നേതാവിനെ പാര്‍ട്ടി അംഗത്വം നല്കി സ്വീകരിച്ചു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുതല്‍ തലവടി പഞ്ചായത്തിലെ സിപിഎം പ്രാദേശിക രാഷ്ട്രീയം കലുഷിതമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംവരണ സീറ്റില്‍ മത്സരിച്ച് വിജയിച്ച കൊച്ചുമോള് ഉത്തമന് അവസാന ടേമില്‍ പ്രസിഡന്റ് സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനം നല്കി കൊച്ചുമോള് ഉത്തമനെ പാര്‍ട്ടി അനുനയിപ്പിച്ചിരുന്നു.
സിപിഎം-സിപിഐ പോര് മുറുകിയതോടെ നിലവിലെ പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ സിപിഐ കോണ്‍ഗ്രസിന്റെ പിന്തു ണയോടെ അവിശ്വാസം കൊണ്ടുവന്നിരുന്നു. അവിശ്വാസ പ്രമേയത്തില്‍ രഹസ്യ പിന്തുണ നല്‍കിയെന്നാരോപിച്ചാണ് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍പേഴ്സണായ കൊച്ചുമോള് ഉത്തമനെ പുറത്താക്കിയത്. കൊച്ചുമോള് ഉത്തമനേയും മറ്റൊരു പ്രാദേശിക സിപിഎം പ്രവര്ത്തകന് കെ.പി. വിശ്വരാജിനേയും പുറത്താക്കിയതായി സിപിഎം നേതൃത്വം പോസ്റ്റര്‍ ഇറക്കിയിട്ടുണ്ട്. പട്ടികജാതി സമുദായത്തില്‍നിന്നുള്ള കൊച്ചുമോള് ഉത്തമന് നിലവില്‍ അ ങ്കണവാടി അധ്യാപിക കൂടിയാണ്.
കഴിഞ്ഞദിവസം തലവടി പഞ്ചായത്തിലെ കേരള കോണ്‍ഗ്രസ് (ജേക്കബ്) പ്രദേശിക വനിത നേതാവ് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. വനിത നേതാവിനെ പാര്‍ട്ടി അംഗത്വം നല്കി സ്വീകരിച്ചതിനു പിന്നില്‍ ഇടതു സ്വതന്ത്രയായ പഞ്ചായത്തംഗത്തെ പുറത്താക്കാനുള്ള നീക്കമെന്ന് സൂചനയുണ്ട്.
ഇടതു സ്വതന്ത്ര അവിശ്വാസ പ്രമേയത്തിന് രഹസ്യ പിന്തുണ നല്‍കിയെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഇക്കുറി ഈ വര്ഡില്നിന്ന് സിപിമ്മില്‍ ചേര്‍ന്ന വനിത നേതാവിനെ മത്സരിപ്പിക്കാനാണ് രഹസ്യനീക്കം നടക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎം നേതൃത്വം പഞ്ചായത്ത് ഭരണം രണ്ടാംവട്ടവും കൈപ്പിടിയില്‍ ആക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വിഘടിച്ച് നില്ക്കുന്ന സിപിഐ പ്രാദേശിക ഘടകത്തെ ഒപ്പം കൂട്ടാന്‍ ജില്ലാ നേതൃത്വത്തിന്റെ സഹായവും തേടുന്നുണ്ട്. സിപിഎം പുറത്താക്കിയ അംഗങ്ങളെ അനുനയിപ്പിച്ച് കൂടെ കൂട്ടാന്‍ യുഡിഎഫും എന്‍ഡിഎയും തിരക്കിട്ട ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.