ആലായില്‍ മാലിന്യംതള്ളല്‍; നാട്ടുകാരും വിദ്യാര്‍ഥികളും ദുരിതത്തിൽ
1581066
Sunday, August 3, 2025 11:45 PM IST
ചെങ്ങന്നൂര്‍: ആലായിലെ റോഡിന്റെ വശങ്ങളില് മാലിന്യം തള്ളുന്നതു കാരണം പ്രദേശവാസികളും പ്രത്യേകിച്ച് വിദ്യാര്‍ഥികളും വലിയ ദുരിതത്തിലാണ്.
ആല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപമുള്ള ആല-അത്തലക്കടവ് പഞ്ചായത്ത് ഓഫീസ് റോഡാണ് സാമൂഹ്യവിരുദ്ധര്‍ മാലിന്യം തള്ളാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. മാലിന്യം ചാക്കുകളിലും കവറുകളിലുമായി ഇവിടെ നിക്ഷേപിക്കുന്നത് പതിവാണ്.
പരാതികള്‍
അവഗണിച്ച്
അധികൃതര്‍
നാട്ടുകാര്‍ നിരവധിതവണ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡിന്റെ ഒരുവശത്ത് ആല നാട്ടുവിപണിയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ട്, ആല ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ പരിപാലിക്കുന്ന സ്ഥലത്തിന് എതിര്‍വശം റോഡരികില്‍ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണ് മാലിന്യം തള്ളുന്നത്.
ഇത് പരിസ്ഥിതിക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
തെരുവുനായ്ക്കളുടെ
ഭീഷണി വര്‍ധിക്കുന്നു
മാലിന്യം കുന്നുകൂടുന്നത് പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം വര്‍ധിക്കാന്‍ കാരണമായി. നായ്ക്കള്‍ മാലിന്യം റോഡില്‍ വലിച്ചിടുന്നതിനാല് ദുര്‍ഗന്ധം കാരണം മൂക്കുപൊത്താതെ ഈ വഴി യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞദിവസം രാവിലെ ട്യൂഷനു പോവുകയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥി ആരോണിനെ നായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചു.
ഭയന്നോടിയ ആരോണിനു വീണു പരിക്കേറ്റു. സ്കൂളിലേക്കു പോകുന്ന കുട്ടികള്‍ക്ക് തെരുവുനായ്ക്കള്‍ വലിയ ഭീഷണിയാണെന്ന് ആല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ് അനു സൂസന് പറഞ്ഞു. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ പഞ്ചായത്ത് ആധുനിക സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കുടിവെള്ളം മലിനമയം; രോഗഭീഷണിയും
മാലിന്യം പക്ഷികള്‍ കൊത്തിക്കൊണ്ടുപോയി കിണറുകളില്‍ ഇടുന്നതുകാരണം കുടിവെള്ളം മലിനമാകുന്നതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ ഗുരുതരമായ വിഷയത്തില്‍ പഞ്ചായത്ത് അധികൃതര്‍ ഉടന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെയും വിദ്യാര്‍ഥികളുടെയും ആവശ്യം.
നടപടിയെടുക്കണം
വഴിയരികില്‍ രാത്രിയുടെ മറവില്‍ മാലിന്യം നിക്ഷേപിക്കുന്നത് സമൂഹത്തോടുള്ള വലിയ ദ്രോഹമാണ്. ഇങ്ങനെയുള്ള മാലിന്യം നിക്ഷേപിക്കുന്നതുകൊണ്ട് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാവുകയും വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലേക്കും തിരിച്ചും പോകുന്നത് രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ ആശങ്കയിലാക്കുകയും ചെയ്യുന്നു.
കൂടാതെ, പക്ഷികള്‍ ഈ മാലിന്യങ്ങള്‍ കൊത്തി കിണറുകളിലിടുന്നതുകൊണ്ട് കുടിവെള്ളം മലിനമാവുകയും ഇത് ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ വന്ന് ക്ലാസുകളില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവരുന്ന അവസ്ഥയുമുണ്ടാകുന്നു.
അതുകൊണ്ട്, ഇവിടെ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ ആവശ്യമായ നടപടികള്‍ അധികൃതര്‍ കൈക്കൊള്ളുകയും ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുകയും വേണം.
അനു സൂസന് ( ആല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ്)