കെപി റോഡ് നാഥനില്ലാക്കളരി
1581075
Sunday, August 3, 2025 11:45 PM IST
ചാരുംമൂട്: ഗതാഗത തിരക്കേറിയ കെപി റോഡിലെ സ്കൂളുകളുടെ മുന്നില്‍ രാവിലെയും വൈകുന്നേരവും ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് സേവനം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാവുന്നു. കുട്ടികളുടെ തിരക്കും നിയന്ത്രണമില്ലാതെ പായുന്ന വാഹനങ്ങളും വലിയ അപകട സാധ്യതയാണ് സൃഷ്ടിക്കുന്നത്. അപകടങ്ങള്‍ ഉണ്ടാകും മുമ്പേ അത് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
കെ പി റോഡില്‍ കറ്റാനത്തിനും ആദിക്കാട്ടുകുളങ്ങരയ്ക്കും ഇടയില്‍ മൂന്ന് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും അഞ്ച് എല്‍പി, യുപി സ്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും 2500ന് മുകളില്‍ വിദ്യാര്‍ഥികളാണുള്ളത്. രാവിലെയും വൈകുന്നേരവും ബസിലും സൈക്കിളിലും കാല്‍നടയായും യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളെ കൊണ്ട് റോഡ് നിറയും.
നൂറനാട് സിബിഎം ഹൈസ്കൂള്‍ കെപി റോഡിലെ ഏറ്റവും തിരക്കേറിയ വശത്താണ് സ്ഥിതി ചെയ്യുന്നത്. അമിത വേഗത്തിലാണ് വാഹനങ്ങള്‍ അടൂര്‍ ഭാഗത്തേ ക്കും കായംകുളം ഭാഗത്തേക്കും പായുന്നത്.
റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓടി മാറാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഒരു സിവില്‍ പൊലീസ് ഓഫിസറെ നിയമിച്ചാല്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ കഴിയും.
മുമ്പ് വല്ലപ്പോഴുമെങ്കിലും ഹോംഗാര്‍ഡിന്റെ സേവനം സ്കൂളുകള്‍ക്കു മുമ്പില്‍ ലഭ്യമാക്കിയിരുന്നു. ഇപ്പോള്‍ അതുമില്ല.അമിത വേഗത്തിലാണ് ബസു കളും സ്വകാര്യ വാഹനങ്ങളും കെപി റോഡിലൂടെ കടന്നു പോകുന്നത്.
ടിപ്പറുകള്‍ക്ക് സമയം ക്രമീകരിച്ചിട്ടുണ്ടെങ്കിലും പല പ്പോഴും അതും പാലിക്കപ്പെടാറില്ല. നിരവധി അപകടങ്ങള്‍ കഴി ഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ സ്ഥലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. എസ്പിസി വിദ്യാര്‍ഥികളും എന്‍സിസി കേഡറ്റ്സും വാഹന നിയന്ത്രണത്തിന് ഇറങ്ങിനിന്നാലും ബൈക്ക് യാത്രികര്‍ ഇവരെ മാനിക്കാറില്ല. രാവിലെ എട്ടര മുതല്‍ 10 വരെയും വൈകിട്ട് മൂന്നര മുതല്‍ അഞ്ച് വരെയും സ്കൂളിന് മുന്നില്‍ വാഹനങ്ങള്‍ നിയന്ത്രിക്കാനായി പൊലീസ് സേവനം ഏര്‍പ്പെടുത്തിയാല്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ കഴിയും.