മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
1580896
Sunday, August 3, 2025 6:21 AM IST
ആലപ്പുഴ: ഉൾനാടൻ മത്സ്യസമ്പത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ 12 ഇന പരിപാടികളില്‍ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പൊതുകുളങ്ങളിലെ മത്സ്യകൃഷി പദ്ധതി പ്രകാരം ആലപ്പുഴ നഗരസഭ പരിധിയിൽ കൊറ്റംകുളങ്ങര വാര്‍ഡിലെ നഗരസഭ പൊതുകുളമായ പാലക്കുളം പൊതുകുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പൊതുകുളങ്ങളിലെ മത്സ്യകൃഷിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ നിര്‍വഹിച്ചു. കട്ല, രോഹു, ഗ്രാസ് കാര്‍പ്പ് എന്നീ ഇനത്തില്‍പ്പെട്ട 5000 മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
കൊറ്റംകുളങ്ങര അദ്വൈതം കുടുംബശ്രീ യൂണിറ്റിനാണ് പരിപാലനച്ചുമതല. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.ജി. സതീദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് എം.ആര്. പ്രേം, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ.എസ്. കവിത, കൗണ്‍സിലര്‍മാരായ മനു ഉപേന്ദ്രന്, അമ്പിളി അരവിന്ദ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബാലുശേഖര്, ഫിഷറീസ് പ്രമോട്ടര്‍ ഷീന സജി, പൊതുപ്രവര്ത്തന് വിവേക് തുടങ്ങിയവര്‍ പങ്കെടുത്തു.