തട്ടിപ്പ് നടത്തിയ മുന്‍ ബാങ്ക് മാനേജര്‍ക്ക് നാലുവര്‍ഷം തടവും പിഴയും ശിക്ഷ
1580904
Sunday, August 3, 2025 6:21 AM IST
ചേര്‍ത്തല: രേഖകളില്‍ തിരിമറികാട്ടി ബാങ്കില്‍നിന്നു പണം തട്ടിയ കേസില്‍ പ്രതിയായ മുന്‍ ബാങ്ക് മാനേജര്‍ക്ക് നാലുവര്‍ഷം തടവും 5000 രൂപ പിഴയും ശിക്ഷ. 2007ല്‍ വിജയാ ബാങ്കിന്റെ ചേര്‍ത്തല ശാഖയില്‍ കൃത്രിമം കാട്ടി പണം തട്ടിയ മുന്‍ ബാങ്ക് മാനേജര്‍ ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഹസീനഭവനില് കെ. ഹസീനയെയാണ് ചേര്‍ത്തല ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഷെറിന് കെ. ജോര്‍ജ് നാലുവര്‍ഷം തടവും പിഴയും ശിക്ഷവധിച്ചത്.
രേഖകളില്‍ കൃത്രിമം കാണിക്കല്‍, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ഐടി ആക്ട് തുടങ്ങിയ നാലു വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ ചേര്‍ത്തല പോലീസ് കേസെടുത്തിരുന്നത്.
തട്ടിപ്പുനടന്നതായി കണ്ടെത്തിയ 31,92,791.92 രൂപയും ഇതിന്റെ പലിശയടക്കം തിരിച്ചടയ്ക്കാനും ഉത്തരവായിട്ടുണ്ട്. പലിശയടക്കം ഏകദേശം ഒരുകോടിയോളം വരും. തുകയെല്ലാം ഇവര്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരുകളിലേക്കു മാറ്റിയായിരുന്നു തട്ടിപ്പ്.
ബാങ്കിലെ അസിസ്റ്റന്റ് മാനേജരായിരുന്ന വ്യക്തിയുടെ പാസ്വേ ഡ് ഉപയോഗിച്ച് ബാങ്കിലെ സ്ഥിരനിക്ഷേപം നടത്തിയിരുന്ന വ്യക്തിയുടെ രണ്ടരലക്ഷം രൂപ ഭര്‍ത്താവിന്റെയും മറ്റുബന്ധുക്കളുടെയും അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തിയിരുന്നു. ഇത് ബാങ്കിലെ ഉന്നത അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വലിയ തട്ടിപ്പു കണ്ടെത്തിയത്.
വിവിധ അക്കൗണ്ടുകളിലെ പണം ഇവര്‍ ഇത്തരത്തില്‍ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കു മാറ്റിയതായി കണ്ടെത്തി. തട്ടിപ്പിന്റെ പൂര്‍ണമായ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി തിരുവനന്തപുരം സി-ഡാക്കിന്റെ സഹായം പോലീസ് തേടിയിരുന്നു. സി-ഡാക്ക് ഡയറക്ടറടക്കം 30 സാക്ഷികളെ വിസ്തരിച്ചു. സര്‍ക്കാരിനുവേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എം. വിനോദും ബാങ്കിനുവേണ്ടി അഡ്വ. ബിന്നി ജോസഫും കോടതിയില്‍ ഹാജരായി.