കരിമുളയ്ക്കലിൽ ആഫ്രിക്കൻ ഒച്ചുകൾ: പൊറുതിമുട്ടി ജനം
1580905
Sunday, August 3, 2025 6:21 AM IST
ചാരുംമൂട്: കെപി റോഡിന് തെക്ക് കരിമുളയ്ക്കൽ പ്രദേശത്ത് ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായി. മഴസമയമായതിനാൽ രാത്രിസമയത്ത് ഒച്ചുകള്‍ വ്യാപകമായി പുറത്തിറങ്ങുകയാണ്. വീടിന്റെ ഭിത്തിയിലും മേൽക്കൂരകളിലും മതിലുകളിലും മരങ്ങളിലും വാഴയിലയുടെ അടിയിലും എല്ലായിടത്തും ഇപ്പോൾ ഒച്ചുകളെ കാണാം.
കൃഷി ഉപജീവനമാക്കിയവർക്കും വീട്ടാവശ്യത്തിന് കൃഷി ചെയ്യാനും പറ്റാത്ത അവസ്ഥയായി മുളച്ചുവരുമ്പോൾ തന്നെ തളിരിലകൾ ഒച്ചുകൾ തിന്നുന്നതു പതിവായി. ഒച്ചുകളെ നശിപ്പിക്കാൻ നടപടികളൊന്നും ചെയ്യുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പ്ലാസ്റ്റിക് കവറുകളിലും കുപ്പികളിലും പാട്ടകളിലും ഗ്ലൗസ് ഉപയോഗിച്ച് പെറുക്കിയിട്ട് ഉപ്പുവിതറി ഇതിനെ കൊന്നുകുഴിച്ചിടലാണ് ഇപ്പോൾ നാട്ടുകാർ ചെയ്യുന്നത്. ആഫ്രിക്കൻ ഒച്ചുകളുടെ സ്രവം വീണാൽ ത്വക്ക് രോഗങ്ങൾ ഉണ്ടാകുമെന്നും വ്യാപകമായ ചൊറിച്ചിൽ ഉണ്ടാകുമെന്നും നാട്ടുകാർ പറയുന്നു. താമരക്കുളം പഞ്ചായത്തിന്റെയും ചുനക്കര പഞ്ചായത്തിന്റെയും അതിർത്തി പ്രദേശം കൂടിയായ ഇവിടെ ഒച്ചുകളുടെ ശല്യം തടയാൻ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.