ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിർമിക്കുന്ന പുതിയ ബ്ലോക്കിന്റെ സ്ഥല പരിശോധന നടത്തി
1581327
Monday, August 4, 2025 11:24 PM IST
ആലപ്പുഴ: നവകേരള സദസിന്റെ ഭാഗമായി ഏഴുകോടി രൂപ ചെലവിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിർമിക്കുന്ന പുതിയ ബ്ലോക്കിന്റെ സ്ഥല പരിശോധന നടത്തി. ഒരു മണ്ഡലത്തിൽ ഏഴു കോടിയിൽ അധികരിക്കാത്ത പദ്ധതികളാണ് ഏറ്റെടുക്കുന്നത്. നവകേരള സദസിൽ ഉയർന്നുവന്ന നിർദേശങ്ങളിൽനിന്ന് അമ്പലപ്പുഴ മണ്ഡലത്തിൽ നിർദേശിക്കപ്പെട്ട പദ്ധതിയാണിത്. മൂന്നു നിലകളിലായി അത്യാഹിത വിഭാഗമാണ് ഇവിടെ പൂർത്തിയാക്കുക. ഇതിൽ രണ്ടുനില കെട്ടിടം ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കും.
ആശുപത്രിയിലെ പഴയ ഒപി, ഐപി ബ്ലോക്കിന് സമീപത്ത് താത്കാലികമായി നിർമിച്ചതും ഷീറ്റുമേഞ്ഞതുമായ പഴയ കെട്ടിടങ്ങൾ എന്നിവ പൊളിച്ചുമാറ്റിയാകും പുതിയ ബ്ലോക്ക് നിർമിക്കുന്നത്. ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 117 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ ബഹുനില ഒപി മന്ദിരം മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചിരുന്നു.
രാവിലെ 8.30 ഓടെ ആരംഭിച്ച സ്ഥല പരിശോധന ഒന്നരമണിക്കൂർ നീണ്ടു. എച്ച്. സലാം എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ കെ.കെ. ജയമ്മ, സ്ഥിരം സമിതി അധ്യക്ഷരായ എം. ആർ. പ്രേം, എ. എസ്. കവിത, ചീഫ് ആർക്കിടെക്റ്റ് വി.എസ്. ഗിരീഷ്, ഡെപ്യൂട്ടി ആർക്കിടെക്റ്റുമാരായ ചാന്ദ്നി ഉണ്ണികൃഷ്ണൻ, എ. സുധീർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ റംലാബീവി, അസി. എക്സിക്യൂട്ടീവ് എൻജിനിയർ ബി. സോണിയ, അസി. എൻജിനിയർ പവിത്ര, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വേണുഗോപാൽ, ആർഎംഒ ഡോ. ആശ മോഹൻദാസ്, ഇലക്ട്രിക്കൽ വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയർ എസ്. ശിവപ്രസാദ്, സഞ്ജു എന്നിവർ ഒപ്പമുണ്ടായിരുന്നു.