സ്കൂളിനു വിജയം; നേട്ടം മദർ ആൻഡ് ചൈൽഡിന്
1244592
Wednesday, November 30, 2022 11:15 PM IST
മുതലക്കോടം: റവന്യൂ ജില്ലാ കലോത്സവത്തിലെ ആദ്യ ഇനം കാണികൾക്ക് ത്രിൽ പകർന്നു.
ബാൻഡ് മേളമായിരുന്നു ആദ്യ ഇനം. മൈലക്കൊന്പ് മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിലെ കുട്ടികളുടെ ചിറകിലേറി എച്ച്എസ് വിഭാഗത്തിൽ പൈങ്കുളം സെന്റ് റീത്താസ് സ്കൂളാണ് ഒന്നാമതെത്തിയത്. മൽസരിച്ച 20 പേരിൽ 19 പേരും മദർ ആൻഡ് ചൈൽഡിലെ കുട്ടികളായിരുന്നു. ശനി, ഞായർ ഉൾപ്പെടെയുള്ള ദിവസങ്ങളിൽ ആറു മണിക്കൂർ കഠിനാധ്വാനം നടത്തിയാണ് ഇവർ വിജയത്തേരിലേറിയത്.
എച്ച്എസ്എസ് വിഭാഗത്തിൽ കല്ലാനിക്കൽ സെന്റ് ജോർജ് സ്കൂളാണ് ജേതാക്കളായത്. ടീമിലെ 15 പേരും മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിലെ കുട്ടികളാണ്. ഇരു ടീമുകളുടെയും പരിശീലകൻ മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിലെ മ്യൂസിക് അധ്യാപകനും ബാൻഡ് മാസ്റ്ററുമായ പി.എം. വിപിനാണ്.
കവിതയിൽ തിളങ്ങി പാർവതി
മുതലക്കോടം: കഴിഞ്ഞ വർഷം സ്റ്റേറ്റ് സിലബസിലേക്ക് പഠനം മാറ്റിയ പി. പാർവതിക്ക് ആദ്യ കലോത്സവത്തിൽതന്നെ മത്സരിച്ച ഇനത്തിൽ ഒന്നാം സ്ഥാനം. ഹൈസ്കൂൾ വിഭാഗം മലയാളം പദ്യം ചൊല്ലലിലാണ് മുണ്ടക്കയം ഈസ്റ്റ് സെന്റ് ആന്റണീസ് എച്ച്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ പാർവതി ഒന്നാം സ്ഥാനം നേടിയത്. ജി. ശങ്കരക്കുറുപ്പിന്റെ ആരാമത്തിൽ എന്ന കവിതയാണ് പാർവതി ചൊല്ലിയത്. കഥകളി സംഗീതം, ലളിതഗാനം എന്നീ ഇനങ്ങളിലും മത്സരിക്കുന്നുണ്ട്.
മുണ്ടക്കയം ഈസ്റ്റ് ബോയ്സ് എസ്റ്റേറ്റ് അസി. ഫീൽഡ് ഓഫിസർ എൻ. പ്രമോദ് കുമാറിന്റെയും സെന്റ് ആന്റണീസ് സ്കൂൾ അധ്യാപിക എസ്. പ്രതിഭയുടെയും മകളാണ്.