ചിന്നക്കനാലിൽ ഒന്നരയേക്കറോളം സർക്കാർഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു
1266061
Wednesday, February 8, 2023 11:02 PM IST
രാജകുമാരി: ചിന്നക്കനാല്‍ വില്ലേജില്‍ ഒന്നരയേക്കറോളം സര്‍ക്കാര്‍ഭൂമിയിലെ കൈയേറ്റമൊഴിപ്പിച്ചു റവന്യു വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചു.
വെള്ളുക്കുന്നേല്‍ ടോം സക്കറിയ എന്നയാളാണ് ഒന്നരയേക്കറോളം സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയേറി ഏലം കൃഷി ചെയ്തതെന്നു റവന്യു അധികൃതര്‍ പറഞ്ഞു.
സ്വന്തം ഭൂമിയാണെന്നു തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ റവന്യു വകുപ്പ് ഇദ്ദേഹത്തിനു സമയം നല്‍കിയെങ്കിലും അതിനു സാധിക്കാത്തതിനാലാണു ഭൂമി ഏറ്റെടുക്കല്‍ നടപടികളിലേക്കു കടന്നത്.
ഉടുമ്പന്‍ചോല ഭൂരേഖ തഹസില്‍ദാര്‍ സീമ ജോസഫിന്റെ നിര്‍ദേശപ്രകാരം ഭൂസംരക്ഷണ സേനയുടെ സഹായത്തോടെയാണു ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഹാരിസ് ഇബ്രാഹിം, സന്തോഷ്, ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍ സുനില്‍ കെ. പോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കൈയേറ്റമൊഴിപ്പിച്ചു ഭൂമിയേറ്റെടുത്തത്.