റിസർവ് വനമാക്കരുത്: കേരള കോണ്ഗ്രസ്
1279411
Monday, March 20, 2023 10:45 PM IST
കാഞ്ഞാർ: മലങ്കര ജലാശയത്തിന്റെ ഭൂമി നോട്ടിഫൈഡ് വനമാക്കാനുള്ള നീക്കത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയിൽനിന്നു മന്ത്രി റോഷി അഗസ്റ്റിൻ പി·ാറണമെന്ന് കേരള കോണ്ഗ്രസ് കുടയത്തൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ജനവാസമേഖലയായ നാലു പഞ്ചായത്തുകളെ കാര്യമായി ബാധിക്കുന്ന വിഷയമാണ് മലങ്കര ജലാശയത്തിന്റെ ഭൂമി വനവത്കരിക്കുന്നത്. വർഷങ്ങൾക്കു മുന്പ് ജലാശയത്തിന്റെ ഭൂമി വനംവകുപ്പിന് വിട്ടുകൊടുത്തതാണെന്നും ജനവാസമേഖലയിൽ എംവിഐപി ഭൂമി വിട്ടുനൽകില്ല എന്നും പുതുതായി ജനങ്ങളുടെ ഭൂമി ഏറ്റെടുക്കില്ലെന്നുമാണ് മന്ത്രിയുടെ പ്രസ്താവന. ഇത് പിൻവലിക്കണമെന്നും മലങ്കര ജലാശയത്തിന്റെ ഭൂമി നോട്ടിഫൈഡ് വനമാക്കാനുള്ള സർക്കാരിന്റെ നീക്കം റദ്ദ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് തോമസ് മുണ്ടയ്ക്കപ്പടവിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി.വി. സുനിത ഉദ്ഘാടനം ചെയ്തു. ജലാലുദീൻ കുന്തിപ്പറന്പിൽ, ടി.സി. ചെറിയാൻ, ഷൈജൻ കന്പകത്തിനാൽ, ടോമി തുളുവനാനി, മാത്യൂ പൂഞ്ചിറ, ജിൽസ് അഗസ്റ്റിൻ, ജോണി പുള്ളിക്കാട്ടിൽ, ജോർജ് നെല്ലിയാങ്കൽ, സോമൻ കൂറുമുള്ളിൽ, സന്തോഷ് കീന്തനാനി എന്നിവർ പ്രസംഗിച്ചു.