വനം വിജ്ഞാപനം: മണിയുടെ ഭീഷണി തട്ടിപ്പ്: കേരള കോണ്ഗ്രസ്
1375861
Tuesday, December 5, 2023 12:26 AM IST
തൊടുപുഴ: ജില്ലയിലെ എംവിഐപി വക സ്ഥലവും ചിന്നക്കനാൽ വില്ലേജ് ഉൾപ്പെടെയുള്ള പ്രദേശങ്ങളും സംരക്ഷിത വനമാക്കി വിജ്ഞാപനം പുറപ്പെടുവിച്ച സർക്കാർ നടപടി ഉടൻ പിൻവലിക്കണമെന്ന് കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ.ജേക്കബ് ആവശ്യപ്പെട്ടു.
വനഭൂമിയായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനോ വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഉപയോഗിക്കുന്നതിനോ കഴിയാത്ത നിലയിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. മുട്ടം -കരിങ്കുന്നം -കുടയത്തൂർ ജല വിതരണ പദ്ധതിക്ക് പൈപ്പ് ഇടാനെത്തിയ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരെ വനംവകുപ്പ് തടഞ്ഞത് ഇതിന് ഉദാഹരണമാണ്. റവന്യുഭൂമി വനഭൂമി ആക്കാനുള്ള വിജ്ഞാപനത്തിനെതിരേ ജനങ്ങൾ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത് വിജ്ഞാപനത്തിലൂടെ ഒരു പ്രത്യാഘാതവും സംഭവിക്കുകയില്ലെന്നാണ്. എന്നാൽ ഇപ്പോൾ അന്തിമവിജ്ഞാപനം വന്നപ്പോൾ തന്നെ വനംവകുപ്പ് ജനവിരുദ്ധ നടപടികൾ ആരംഭിച്ചിരിക്കുകയാണ്.
വനവിജ്ഞാപനത്തിനെതിരേ എം.എം. മണി നടത്തുന്ന പ്രസ്താവനകൾ വെറും തട്ടിപ്പാണ്. വിജ്ഞാപനം ഇറക്കിയ സ്വന്തം സർക്കാരിനെതിരേ ഒരക്ഷരം പോലും മിണ്ടാതെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല. ജില്ലയിൽ വനംവകുപ്പ് റോഡ് നിർമാണം ഉൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തിയിട്ടുണ്ടെന്നും ഈ നടപടിയെ സർക്കാർ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.