വനാതിർത്തികളിൽ സുരക്ഷ ശക്തമാക്കിയതായി ജില്ലാ കളക്ടർ
1396051
Wednesday, February 28, 2024 2:47 AM IST
മൂന്നാർ: കന്നിമലയിൽ തിങ്കളാഴ്ച രാത്രിയുണ്ടായ കാട്ടാന ആക്രമണത്തിൽ കന്നിമല എസ്റ്റേറ്റ് ടോപ്പ് ഡിവിഷൻ സ്വദേശി മണിയെന്ന സുരേഷ് കുമാർ മരണമടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര ഉന്നതതല യോഗം വിളിച്ചതായി ജില്ലാ കളക്ടർ ഷീബാ ജോർജ് അറിയിച്ചു.
ജില്ലയിലെ വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്ത് തുടർനടപടികൾ സ്വീകരിക്കും. വനം, റവന്യു, പൊലീസ്, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ മൂന്നാറിൽ എ.രാജ എംഎൽഎയുടെ നേതൃത്വത്തിൽ സർവക്ഷിയോഗം ചേർന്നതായും മരണമടഞ്ഞ സുരേഷ് കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തരസഹായമായി വനംവകുപ്പ് കൈമാറിയതായും ജില്ലാ കളക്ടർ അറിയിച്ചു.
ആക്രമണകാരികളായ കാട്ടാനകളുടെ സഞ്ചാരം സംബന്ധിച്ച സന്ദേശം നൽകാനായി പ്രാദേശിക ഗ്രൂപ്പുണ്ടാക്കാനും മരിച്ച സുരേഷ്കുമാറിന്റെ കുട്ടികളുടെ പഠനചെലവ് ഏറ്റെടുക്കാനും കുടുംബത്തിലാർക്കെങ്കിലും സർക്കാർ ജോലി നൽകാനും സർവകക്ഷിയോഗം സർക്കാറിനോട് ശിപാർശ ചെയ്യും.
പരിക്കേറ്റവരുടെ ചികിൽസാ ചെലവ് സർക്കാർ വഹിക്കും.ദേവികുളം സബ് കളക്ടർ, തഹസിൽദാർ, മൂന്നാർ എ സി എഫ് തുടങ്ങിയ ഉന്നതോദ്യോഗസ്ഥർ പ്രദേശത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. ജില്ലയിലെ വനാതിർത്തി പ്രദേശങ്ങളിൽ വന്യജീവി ആക്രമണം തടയുന്നതിന് ആർആർടി അടക്കമുള്ള എല്ലാവിധ സജ്ജീകരണങ്ങളും ശക്തിപ്പെടുത്തിയതായും ജില്ലാ കളക്ടർ അറിയിച്ചു.