ആവിഷ്കാര സ്വാതന്ത്ര്യം ഗൗരവമായി ചർച്ചചെയ്യണം: ജസ്റ്റീസ് എം.ആർ. ഹരിഹരൻ നായർ
1396379
Thursday, February 29, 2024 6:43 AM IST
ചെറുതോണി: സമകാലിക ഇന്ത്യയിൽ ഏറ്റവും ഗൗരവപൂർവം പഠിക്കുകയും ചർച്ചചെയ്യുകയും ചെയ്യേണ്ട വിഷയങ്ങളിലൊന്നാണ് ആവിഷ്കാര സ്വാതന്ത്ര്യമെന്ന് ജസ്റ്റീസ് എം.ആർ. ഹരിഹരൻ നായർ. മുരിക്കാശേരി പാവനാത്മാ ഇന്റർനാഷണൽ ലിറ്റററി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുരിക്കാശേരി പാവനാത്മ കോളജ് ഇംഗ്ലീഷ് വിഭാഗവും സ്പീക്കേഴ്സ് ഫോറവും എംജി യൂണിവേഴ്സിറ്റി കോളജ് ഡെവലപ്മെന്റ് കൗൺസിലും ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
ഫെസ്റ്റിവലിനോടനുബന്ധിച്ച് ഫ്രീഡം ജസ്റ്റീസ് ആൻഡ് ഡമോക്രസി എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ ഇന്റർനാഷണൽ കോൺഫറൻസിൽ ഡോ.കെ.വി. കുഞ്ഞികൃഷ്ണൻ, ഡോ. അജയ് ശേഖർ, ഡോ. കെ.എം. കൃഷ്ണൻ, എസ്. ഹരീഷ്, മോബിൻ മോഹൻ, ഫാ. ജിജി തോമസ് എന്നിവർ ക്ലാസുകൾ നയിച്ചു. പ്രഫ. ഡോ. ബെന്നിച്ചൻ സ്കറിയ, റവ. ഡോ. ഫിലിപ്പ് മറ്റം എന്നിവർ പ്രസംഗിച്ചു.
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള അധ്യാപകരും ഗവേഷകരും വിദ്യാർഥികളും ഫെസ്റ്റിവലിൽ പങ്കെടുത്തു. വിവിധ രചനാമത്സരങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നു. ഇംഗ്ലീഷ് വിഭാഗം അധ്യാപകരായ ഡോ.കെ.പി. ജോളി, ഡോ. സനിൽ ടി. സണ്ണി എന്നിവർ ചേർന്ന് എഡിറ്റിംഗ് നിർവഹിച്ച ലേഖന സമാഹാരങ്ങൾ ഫെസ്റ്റിവലിൽ പ്രകാശനം ചെയ്തു. കോളജിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് നിർമിച്ച പത്മരാജനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു.