പട്ടയ അപേക്ഷ സ്വീകരണം തെരഞ്ഞെടുപ്പു തട്ടിപ്പെന്ന് യുഡിഎഫ് ചെയർമാൻ
1396595
Friday, March 1, 2024 3:41 AM IST
കട്ടപ്പന: പട്ടയം ലഭിക്കാത്തവർക്ക് മാർച്ച് ഒന്നു മുതൽ 15 വരെ പട്ടയത്തിനുവേണ്ടി അപേക്ഷ സമർപ്പിക്കാമെന്ന ജില്ലാ കളക്ടറുടെ അറിയിപ്പ് ഇടതുപക്ഷത്തിന് വോട്ടു പിടിക്കുന്നതിനു വേണ്ടി നടത്തിയിട്ടുള്ള തട്ടിപ്പാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ആരോപിച്ചു.
ജില്ലയിലെ കുടിയേറ്റ കർഷകർക്ക് ഒരു പട്ടയം പോലും ലഭിക്കാതിരിക്കുക, കെട്ടിട നിർമാണ നിരോധനത്തിന് പരിഹാരം ഉണ്ടാകാതിരിക്കുക, മലയോരമേഖലയെ പൂർണമായും റിസർവ് വനമായി പ്രഖ്യാപിക്കുക എന്നീ മുൻവിധിയോടുകൂടി കോടതികളിൽ നിരന്തരം സത്യവാങ്മൂലം സമർപ്പിച്ചു കൊണ്ടിരിക്കുന്ന ജില്ലാ കളക്ടർ പട്ടയത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് വിരോധാഭാസമാണ്.
താലൂക്ക് ഓഫീസുകളിൽ ലഭിച്ചിട്ടുള്ള അപേക്ഷകൾക്ക് പട്ടയം നൽകിയതിനു ശേഷം പുതിയ അപേക്ഷകൾ ക്ഷണിച്ചാൽ മതി. ആയിരക്കണക്കിന് അപേക്ഷകൾ അസൈൻമെന്റ് ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. എഴുതിവച്ചിരിക്കുന്ന പട്ടയങ്ങൾ കോടതിവിധി മൂലം വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല.
ഇടുക്കി ജില്ലയിൽ ഒരു പട്ടയം പോലും നൽകാൻ പാടില്ല’ എന്ന് കോടതി നിർദ്ദേശിച്ചിരിക്കുന്ന സാഹചര്യത്തിൽ പുതിയ അപേക്ഷകളിന്മേൽ പട്ടയം എങ്ങനെ നൽകുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കണം.
ഇടുക്കിയിലെ റവന്യൂ ഭൂമി റിസർവ് വനമാക്കുന്നതിന് സർക്കാരിലേക്ക് നിരന്തരമായി റിപ്പോർട്ട് നൽകിക്കൊണ്ടിരിക്കുന്ന ജില്ലാ കളക്ടറുടെ പട്ടയത്തിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണ്.
പാവപ്പെട്ട ജനങ്ങൾ വന്യമൃഗങ്ങളാൽ കൊല്ലപ്പെടുന്പോഴും കപട പ്രകൃതി സ്നേഹികൾക്ക് ഓശാന പാടുന്ന സമീപനമാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. പുതിയ അപേക്ഷ സ്വീകരിക്കുന്നതിന് മുന്പ് സ്വീകരിച്ച അപേക്ഷയിന്മേലുള്ള സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിലപാട് വ്യക്തമാക്കാൻ കളക്ടർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.