പീരുമേട് ലാൻഡ്രത്ത് പശുക്കിടാവിനെ പുലി കൊന്നു
1415924
Friday, April 12, 2024 3:53 AM IST
ഉപ്പുതറ: പീരുമേട് ലാൻഡ്രത്ത് പുലിയുടെ സാന്നിധ്യം. കഴിഞ്ഞ ദിവസം തോട്ടത്തിൽ മേയാൻ വിട്ട പശുക്കിടാവിനെ പുലി കൊന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകർ, അക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് മേഖലയിൽ കാമറ സ്ഥാപിച്ചു.
തോട്ടം തൊഴിലാളികൾ അടക്കമുള്ളവർ ജോലിചെയ്യുന്ന മേഖലയിലാണ് പുലിയുടെ സാന്നിധ്യമുണ്ടായത് . പ്രദേശവാസിയായ മണികണ്ഠന്റെ ഒന്നര വയസ് പ്രായമായ പശുക്കിടാവിനെയാണ് പുലി കൊന്ന് പാതി തിന്നത്.
തോട്ടത്തിൽ പണിയെടുക്കാൻ വന്ന തൊഴിലാളികളാണ് പശുക്കിടാവിന്റെ ജഡം കണ്ടത്. ഉടൻ തന്നെ വനം വകുപ്പിനെ വിവരം അറിയിച്ചു. വനപാലകർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സമീപത്ത് കണ്ടെത്തിയ കാൽപ്പാടുകളും പശുവിനെ ആക്രമിച്ച് കൊന്ന രീതികളും കണക്കിലെടുത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു.
പശുക്കിടാവിനെ പുലി മറ്റൊരു സ്ഥലത്തുവച്ച് ആക്രമിച്ചു കൊന്ന ശേഷം വലിച്ചിഴച്ചു കൊണ്ടുവന്ന തെളിവുകളുമുണ്ട്.