യുവതിയെ പിന്തുടർന്നു ശല്യം ചെയ്ത പോലീസുകാരന് സസ്പെൻഷൻ
1416131
Saturday, April 13, 2024 3:01 AM IST
തൊടുപുഴ: യുവതിയെ കാറിൽ പിന്തുടർന്ന് ശല്യം ചെയ്യുകയും അശ്ലീല ച്യേഷ്ടകൾ കാട്ടുകയും ചെയ്ത സംഭവത്തിൽ പ്രതിയായ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. കുളമാവ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പെരിങ്ങാശേരി ഒ.എം. മർഫിയെ (35) ആണ് ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ കേസെടുത്ത കരിമണ്ണൂർ പോലീസ് ഇന്നലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ബുധനാഴ്ച വൈകുന്നേരം 6.15നാണ് സംഭവം. തൊടുപുഴയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള യുവതി കരിമണ്ണൂർ പഞ്ചായത്ത് കവലയിൽ ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പോയപ്പോഴാണ് യുവതിയെ പോലീസുകാരനും മറ്റൊരാളും കാറിൽ പിന്തുടർന്നത്.
കിളിയറ റോഡിലെ പാലത്തിന്റെ സമീപം എത്തിയപ്പോൾ കാർ മുന്നിൽ കയറ്റി വട്ടം നിർത്തി തുടർന്ന് ഡ്രൈവർ സീറ്റിലിരുന്ന് യുവതിക്കു നേരെ ഇയാൾ ച്യേഷ്ടകൾ കാട്ടി യുവതി മുന്നോട്ട് കടന്നതോടെ ഡ്രൈവർ സീറ്റിൽനിന്ന് ഇയാൾ പുറത്തേക്ക് ഇറങ്ങിയതോടെ യുവതി പേടിച്ച് അടുത്തുള്ള കടയിൽ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് പിതാവിനെ വിളിച്ചു വരുത്തി കരിമണ്ണൂർ പോലീസിൽ എത്തി പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കാറിന്റെ നന്പർ തിരിച്ചറിഞ്ഞ് പ്രതി പോലീസുകാരനാണെന്ന് കണ്ടെത്തിയത്.
ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മഞ്ചിക്കല്ല് സ്വദേശിയോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. എറണാകുളത്തെ അഡ്വക്കേറ്റ് ജനറൽ ഓഫീസിലെ ജീവനക്കാരനാണ് ഇയാളെന്നാണ് പോലീസിനു ലഭിച്ച വിവരം.