അജ്ഞാതജീവി ആടിനെ കൊന്നു
1424160
Wednesday, May 22, 2024 4:13 AM IST
കട്ടപ്പന: ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ നാങ്കുതൊട്ടിയിൽ അജ്ഞാത ജീവിയുടെ ആക്രമണം. നാങ്കുതൊട്ടി പുളിമൂട്ടിൽ ബോബിയുടെ കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടിനെയാണ് അജ്ഞാത ജീവി കൊന്ന് ഭക്ഷിച്ചത്. വയറു കടിച്ചു കീറിയ നിലയിൽ ഇന്നു രാവിലെയാണ് ആടിനെ കൂട്ടിൽ കണ്ടെത്തിയത്. മറ്റൊരാടിന്റെ കാലിനും പരിക്കേറ്റിട്ടുണ്ട്.
രാത്രി പന്ത്രണ്ടരയ്ക്കു ശേഷമാണ് സംഭവമെന്ന് കരുതുന്നതായി വീട്ടുടമ പറഞ്ഞു.വിവരമറിയിച്ചതിനെത്തുടർന്ന് കട്ടപ്പനയിൽനിന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കാൽപ്പാടുകൾ നായയുടേതാണെന്ന് ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ബി. സന്തോഷ് പറഞ്ഞു.
പ്രദേശത്തു കണ്ടെത്തിയ കാൽപ്പാട് നായയുടേതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതോടെ വന്യജീവി ആശങ്കയ്ക്ക് താത്കാലിക ആശ്വാസമായെങ്കിലും വളർത്തുമൃഗങ്ങൾക്കുനേരേ തുടർച്ചയായുണ്ടാകുന്ന ആക്രമണം കർഷകരെ ഭീതിയിലാക്കുന്നുണ്ട്.
വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, വാർഡ് മെംബർ ജോസുകുട്ടി അരീപ്പറമ്പിൽ, പൊതുപ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.