പഴന്പള്ളിച്ചാൽ-പരിശക്കല്ല് റോഡ് ഗതാഗതയോഗ്യമാക്കണം
1424765
Saturday, May 25, 2024 3:55 AM IST
മാങ്കുളം: പഴന്പള്ളിച്ചാൽ മേഖലയിലൂടെ കടന്നുപോകുന്ന പഴന്പള്ളിച്ചാൽ - പരിശക്കല്ല് റോഡിൽ സംരക്ഷണഭിത്തിയുടെ നിർമാണം നടത്തിയ ഭാഗത്ത് മണ്ണിട്ട് നികത്താത്തത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. നൂറ്റന്പതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡിലാണ് ഇപ്പോഴും വാഹന ഗതാഗതം സാധ്യമല്ലാത്ത സ്ഥിതിയുള്ളത്.
റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞതോടെ ഗതാഗതം നിലച്ചു. പിന്നീട് ഇടിഞ്ഞുപോയ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിച്ചെങ്കിലും മണ്ണിട്ട് നികത്തി സംരക്ഷണ ഭിത്തി റോഡുമായി ബന്ധിപ്പിച്ചില്ല.
ഇതിനാൽ റോഡ് ഇപ്പോഴും യാത്രാ യോഗ്യമല്ല. രോഗികൾ ഉൾപ്പെടെ ഈ ഭാഗത്തെ വീടുകളിൽ കഴിയുന്നുണ്ട്. റോഡില്ലാത്തത് ഇവർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
പൊതുഖജനാവിലെ പണം ചെലവഴിച്ച് നടത്തിയ നിർമാണം കൊണ്ട് നാട്ടുകാർക്ക് പ്രയോജനം ലഭിച്ചിട്ടില്ല. സംരക്ഷണ ഭിത്തിയും റോഡും വെവേറെ നിൽക്കുന്ന സ്ഥിതിയാണുള്ളത്. ഈ ഭാഗത്ത് മണ്ണിട്ട് നികത്തി റോഡ് യാത്രായോഗ്യമാക്കണമെന്നാണ് ആവശ്യം.