ചക്കവിപണിയിൽ ഹൈറേഞ്ചിന്റെ കുതിപ്പ്
1431239
Monday, June 24, 2024 3:49 AM IST
ചെറുതോണി: ചക്ക വില കുതിക്കുന്നു. ഹൈറേഞ്ചിൽ ചക്ക കിട്ടാനില്ല. കഴിഞ്ഞ വർഷം വരെ 10 മുതൽ 20 രൂപ വരെ വില നിന്നിരുന്ന ചക്കയ്ക്ക് ഈ വർഷം 50 മുതൽ 60 രൂപ വരെ വിലയായി. കഴിഞ്ഞ വർഷം പതിനെട്ട് ടണ്ണോളം ചക്ക ഇടുക്കിയിൽനിന്നു കയറ്റിയയച്ചതായാണ് കണക്ക്.
മൂന്നു കോടിയോളം രൂപയുടെ വരുമാനമാണ് കഴിഞ്ഞ വർഷം ഇടുക്കിയിലെ കർഷകർക്ക് ലഭിച്ചത്. ഇടുക്കിയിലെ കർഷകരിൽനിന്ന് 60 രൂപ വരെ വിലയ്ക്ക് ചക്ക വാങ്ങി അയൽ സംസ്ഥാനങ്ങളിൽ 300 രൂപയ്ക്കു വരെയാണ് ഇടനിലക്കാർ വിൽക്കുന്നത്.
ഹൈറേഞ്ചിൽ എല്ലാ സീസണിലും ചക്കയുണ്ടെന്നുള്ള പ്രത്യേകതയുണ്ട്. ഡിസംബർ മുതൽ ഏപ്രിൽ വരെയാണു ചക്കയുടെ സീസൺ. തണുപ്പു കൂടുതലുള്ള ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ പ്ലാവിൽ ചക്കയുണ്ടാവും. ഒരു വിധം കായ്ഫലമുള്ള പ്ലാവിൽനിന്നും അന്പതിലധികം ചക്കവരെ ലഭിക്കും. എന്നാൽ, കാലവർഷം നീണ്ടുനിന്നാൽ ഉത്പാദനം കുറയുമെന്നാണ് കർഷകർ പറയുന്നത്.
വാങ്ങുന്നവർ തന്നെ ചക്കയിട്ടുകൊണ്ടുപോകുമെന്നതിനാൽ കർഷകർക്കു മറ്റു ചെലവുകളില്ല. ഏറ്റവും കൂടുതൽ വില ലഭിക്കുന്നത് ഇടിഞ്ചക്കയ്ക്കാണ്. ഇതു വിറ്റഴിക്കാനാണ് കർഷകർ താത്പര്യം കാണിക്കുന്നത്. ചക്കയിൽ നിന്നുണ്ടാക്കുന്ന മൂല്യവർധിത ഉത്പന്നങ്ങൾക്കും ഇപ്പോൾ നല്ല വില്പനയാണ്.
ജാം, സ്ക്വാഷ്, ജാക്ക് ഫ്രൂട്ട്, ചിപ്സ്, പുട്ടുപൊടി, ചട്നി, സലാഡ് തുടങ്ങി വിവിധ ഉത്പന്നങ്ങൾ നിർമിച്ച് കുടുംബശ്രീവഴി വിപണിയിലെത്തിക്കുന്നുണ്ട്. ചക്കക്കുരുവിനും ചക്കയിൽനിന്നുണ്ടാക്കുന്ന പൗഡറിനും ആവശ്യക്കാരേറെയുണ്ട്.
ജില്ലയിൽ കഴിഞ്ഞ വർഷം ഇടിഞ്ചക്ക വിപണിയിൽ മാത്രം നല്ല കച്ചവടമാണ് നടന്നത്. കഴിഞ്ഞ വർഷം മുന്നൂറ് ടണ്ണോളം ഇടിഞ്ചക്ക ഡൽഹി, മുംബൈ, കൊൽക്കത്ത, ജയ്പുർ മാർക്കറ്റുകളിലേക്കു കയറ്റിയയച്ചതായി കച്ചവടക്കാർ പറയുന്നു.
മറുനാടുകളിലേക്കു ചക്ക കയറ്റിയയക്കുമ്പോൾ ഇടനിലക്കാരാണ് ലാഭം കൊയ്യുന്നത്. കഴിഞ്ഞവർഷം മുതൽ ഹൈറേഞ്ചിലേക്കു ചക്ക വാങ്ങാനെത്തുന്നവർ നിരവധിയാണ്. വാഹനവുമായെത്തി ചെറുതും വലുതുമായ ചക്കകൾ മൊത്തത്തിൽ വിലയുറപ്പിച്ച് വാങ്ങുന്ന കച്ചവടക്കാരുമുണ്ട്.