സ്വപ്നസാഫല്യത്തിന് നാടൻ വിഭവങ്ങളൊരുക്കി ഇടവക കൂട്ടായ്മ
1437959
Sunday, July 21, 2024 11:30 PM IST
മൂലമറ്റം: ഏന്തയാർ സെന്റ് ജൂഡ് പള്ളിയുടെ കീഴിൽ മതബോധന കേന്ദ്രത്തിനുള്ള കെട്ടിടം നിർമിക്കുന്നതിനാവശ്യമായ തുക കണ്ടെത്തുന്നതിന് പുതുവഴി തേടുകയാണ് ഇടവകയിലെ കുടുംബകൂട്ടായ്മയും മാതൃ ദീപ്തി ഉൾപ്പെടെയുള്ള വിവിധ സംഘടനകളും. ഇവരുടെ കൂട്ടായ്മയിലും സഹകരണത്തിലും വിവിധ ഉത്പന്നങ്ങൾ നിർമിച്ച് ഞായറാഴ്ചകളിലും വിശേഷദിവസങ്ങളിലും വിവിധ ഇടവകകൾ സന്ദർശിച്ച് വിൽപ്പന നടത്തിയാണ് നിർമാണത്തിനാവശ്യമായ തുക സമാഹരിക്കുന്നത്.
മാങ്ങ, നാരങ്ങ, നെല്ലിക്ക, ജാതിക്ക, പാവയ്ക്ക, വെളുത്തുള്ളി, ഇലുന്പി, ഈന്തപ്പഴം, നാരങ്ങ, മീൻ, ഇറച്ചി തുടങ്ങിയ അച്ചാറുകളും ചക്ക, നേന്ത്രക്കായ ചിപ്സുകൾ, ഹൽവ, ജീവൻ ടീ എന്നീ ഉത്പന്നങ്ങളാണ് ഇവർ വിൽപ്പന നടത്തുന്നത്. അച്ചാറും ഹൽവയും ചിപ്സുമെല്ലാം സ്വന്തമായാണ് നിർമിക്കുന്നത്. രാപകൽ ഭേദമില്ലാതെ 30 ഓളം പേർ ചേർന്നാണ് ഉത്പന്നങ്ങൾ നിർമിക്കുന്നത്.
മേഴ്സി തകിടിപ്പുറത്ത്, രത്നമ്മ വേന്പേനിക്കൽ, മറിയാമ്മ ചെരിയംപുറത്ത്, ജോഷി പുത്തൻപുരയ്ക്കൽ, ജയിംസ് പാറത്തൊട്ടിയിൽ, ലിജോ കാഞ്ഞിരത്തിങ്കൽ, ടോമി ചുരനോലി, ജിജോ പാറയ്ക്കൽ, കുഞ്ഞുമോൻ വരിക്കമാക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് ഉത്പന്നനിർമാണവും വിൽപ്പനയും നടത്തുന്നത്.
പാലാ, കാഞ്ഞിരപ്പള്ളി, ഇടുക്കി, കോതമംഗലം, ചങ്ങനാശേരി തുടങ്ങിയ രൂപതകളിലെ പള്ളികളിലാണ് ഉത്പന്നങ്ങൾ വിൽക്കുന്നത്. വീടുകളിൽ സ്വന്തമായി നിർമിക്കുന്ന ഇവ നല്ലതാണെന്നാണ് വാങ്ങിയവരുടെ അഭിപ്രായം. ഇന്നലെ മൂലമറ്റം സെന്റ് ജോർജ് ഫെറോനപള്ളിയിലും തൃക്കൊടിത്താനം പള്ളിയിലുമായിരുന്നു ഉത്പന്നങ്ങളുടെ വിൽപ്പന നടത്തിയത്. ഉത്പന്നങ്ങളുടെ നിർമാണത്തിനും വിപണനത്തിനും വികാരി ഫാ. സിജോ അറയ്ക്കപ്പറന്പിൽ പിന്തുണയുമായി ഒപ്പമുണ്ട്.