പണി 50 രൂപയുടെ, മേടിച്ചത് 3,000; എന്നിട്ടും കുടിവെള്ളം പെരുവഴിയിൽ
1437966
Sunday, July 21, 2024 11:31 PM IST
ചെറുതോണി: പൊട്ടിയ കുടിവെള്ള പൈപ്പ് നന്നാക്കാൻ 3,000 രൂപ. ചെയ്തതോ 50 രൂപയുടെ പണി. എന്നിട്ടും കുടിവെള്ളം പെരുവഴിയിൽ. വാഴത്തോപ്പ് പാലിയത്തുപടി - കേശമുനി റോഡിലൂടെ കടന്നുപോകുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ നന്നാക്കുന്നതിനാണ് വാട്ടർ അഥോറിറ്റിയുടെ കരാറുകാരന്റെ തൊഴിലാളി സ്വകാര്യ വ്യക്തിയിൽനിന്നു 3,000 രൂപ വാങ്ങിയത്.
സ്വകാര്യ വ്യക്തികൾ മരം മുറിച്ചപ്പോൾ ജലവിതരണ പൈപ്പിന് മുകളിൽ വീണ് പൈപ്പ് പൊട്ടി. മരം മുറിച്ചവരിൽനിന്നു പൈപ്പ് നന്നാക്കാനാണ് ഇയാൾ പണം വാങ്ങിയത്. എന്നാൽ, പൊട്ടിയ ഭാഗത്ത് പശതേച്ച ശേഷം സൈക്കിൾ ട്യൂബ് ചുറ്റിയാണ് തകരാർ പരിഹരിക്കാൻ ശ്രമിച്ചത്.
അടുത്ത ദിവസം വെള്ളം തുറന്നുവിട്ടതോടെ പൈപ്പിൽ ഇയാൾ നന്നാക്കിയ ഭാഗത്തുകൂടി വെള്ളം റോഡിലേക്ക് ഒഴുകുകയായിരുന്നു. നാട്ടുകാർ ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ്.