ഉടുമ്പന്നൂര്‍: രാത്രിയില്‍ വഴിയരികില്‍ കാത്തുനിന്ന് യുവാവിന്റെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. ഉടുമ്പന്നൂര്‍ പുത്തന്‍പുരയില്‍ ബാദുഷ (22)യെയാണ് കരിമണ്ണൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച രാത്രിയില്‍ ഈസ്റ്റ് പാറേക്കവലയിലാണ് സംഭവം. പാറേക്കവല കുഴിമുള്ളില്‍ കെ.ജെ. സല്‍മാനെ (20)യാണ് ഇയാള്‍ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചത്. സല്മാന് അയല്‍വാസിയായ സുഹൃത്തിനെ കാണാനായി പോകുന്ന വഴിക്കായിരുന്നു ആക്രമണം. സംഭവത്തിനുശേഷം പ്രതി ഒളിവില്‍ പോകുകയായിരുന്നു. വെള്ളിയാഴ്ച തൊടുപുഴ ഭാഗത്തു നിന്നാണ് എസ്ഐ കെ.എച്ച്. ഹാഷിം, സിപിഒമാരായ എം.എസ്. ബിനു, ടി.എ. ഷാഹിദ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.