ജൂണിയര്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം; രണ്ടു നഴ്സിംഗ് കള്‍ അറസ്റ്റില്‍
1436753
Wednesday, July 17, 2024 7:24 AM IST
കൊച്ചി: ജൂണിയര്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്ത് ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. അമൃത കോളജ് ഓഫ് നഴ്സിംഗ് വിദ്യാര്‍ഥികളായ ഗോവിന്ദ് (21), സുജിത്ത് (21) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ സി. ജയകുമാറിന്റെ മേല്‍നോട്ടത്തില്‍ ചേരാനല്ലൂര്‍ എസ്ഐ സുനില്‍ അറസ്റ്റ് ചെയ്തത്.
കോളജിനു പുറത്ത് വീടെടുത്തു താമസിക്കുന്ന പ്രതികള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ അവിടേയ്ക്ക് വിളിച്ചുവരുത്തിയാണ് ക്രൂരമായി മര്‍ദിച്ചത്. കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി ഹാങ്ങര്‍ കൊണ്ടും കൈ കൊണ്ടും മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ അവശ നിലയിലായ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സ തേടി.
കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രതികളുടെ സുഹൃത്തുക്കള്‍ക്കെതിരെ ഇപ്പോള്‍ മര്‍ദനത്തിന് ഇരയായ വിദ്യാര്‍ഥി പരാതി നല്‍കിയിരുന്നു. റാഗിംഗ് തന്നെയായിരുന്നു അന്നും പരാതിക്ക് കാരണം. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് ജൂണിയര്‍ വിദ്യാര്‍ഥിയെ പ്രതികളുടെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ചത്. പ്രതികളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.