ആലുവയിൽ ആധുനിക ശ്മശാന പദ്ധതി വൈകുന്നു
1576687
Friday, July 18, 2025 4:30 AM IST
ആലുവ: ആധുനിക ശ്മശാന നിർമാണ പദ്ധതി വൈകുന്നതിനെതിരെ ആലുവ നഗരസഭയിൽ പ്രതിഷേധം ശക്തമാകുന്നു. സമീപ പഞ്ചായത്തിൽ ആലുവ നഗരസഭയുടെ ഉടമസ്ഥെതയിലുള്ള 16 സെന്റ് സ്ഥലത്ത് നിർമാണത്തിനായി 1.32 കോടി രൂപ അനുവദിച്ചെങ്കിലും പദ്ധതി വൈകുകയാണ്. ഇതിനെതിരെ നഗരസഭയ്ക്കു മുന്നിൽ ഉപരോധ സമരം നടത്താൻ വിവിധ ഹൈന്ദവ സംഘടനകളുൾപ്പെട്ട ആക്ഷൻ കൗൺസിൽ തീരുമാനിച്ചു.
ചൂർണിക്കര ഗ്രാമപഞ്ചായത്ത് പരിധിയിൽ കൊച്ചിൻ ബാങ്ക് ജംഗ്ഷന് സമീപം എൻഎഡി റോഡിൽ പോർസ്യങ്കുളയ്ക്ക് എതിർവശത്താണ് ആലുവ നഗരസഭയ്ക്ക് സ്ഥലമുള്ളത്. നിലവിൽ അജ്ഞാത മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സ്ഥലമായാണ് ഇത് ഉപയോഗിക്കുന്നത്. ഇവിടെ കിഫ്ബിയുടെ സഹായത്താൽ പദ്ധതി നടപ്പിലാക്കുമെന്നാണ് ആലുവ നഗരസഭ പ്രഖ്യാപിച്ചിട്ടുള്ളത്.
ഇംപാക്ട് കേരളയ്ക്കാണ് ആധുനിക വാതക ശ്മശാനത്തിന്റെ നിർമാണച്ചുമതല. സാങ്കേതികാനുമതി വൈകുന്നതാണ് പദ്ധതി നിർമാണം തുടങ്ങാത്തതിന് കാരണമെന്നാണ് നഗരസഭാധികൃതരുടെ വിശദീകരണം.
ആലുവയിലും പരിസരത്തും നിന്ന് ലഭിക്കുന്ന അജ്ഞാത മൃതദേഹങ്ങളാണ് പതിറ്റാണ്ടുകളായി ഇവിടെ കുഴിച്ചിടുന്നത്. ഇതിന്റെ സംസ്കരണം ശരിയായ രീതിയിൽ ചെയ്യുന്നില്ലെന്ന് നാട്ടുകാർ പലവട്ടം പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ പരിസരത്തുള്ളവർ പുതിയ പദ്ധതിയെയും പരിസരവാസികൾ എതിർത്ത് പ്രതിഷേധ സമരം കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
എന്നാൽ പരാതി ഇല്ലാതിരിക്കാൻ പ്രത്യേക കല്ലറ പണിയുമെന്നാണ് നഗരസഭ പറയുന്നത്. പാറക്കല്ലുകൾ നിറഞ്ഞ പ്രദേശം വള്ളിപ്പടപ്പുകളും ചെടികളും നിറഞ്ഞ് കാടുകയറിയ അവസ്ഥയിലാണ്. മറ്റ് പഞ്ചായത്തുകളിൽ ശ്മശാനം ഉണ്ടെങ്കിലും അനുയോജ്യമായ സമയം ലഭിക്കാതെ കാത്തു നിൽക്കേണ്ട വരുന്നതായാണ് ആക്ഷേപം.