ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
1577050
Saturday, July 19, 2025 4:00 AM IST
പെരുന്പാവൂർ: ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സാഗർ ഷെയ്ഖി(21) നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കിഴക്കമ്പലം ബസ് സ്റ്റാൻഡിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ആന്ധ്രാപ്രദേശിൽ നിന്നും ട്രെയിൻ മാർഗം ആലുവയിലെത്തി അവിടെനിന്ന് കിഴക്കമ്പലം ബസ് സ്റ്റാൻഡിൽ വച്ച് ഹാഷിഷ് ഓയിൽ കൈമാറാൻ നിൽക്കുകയായിരുന്നു.
പോലീസിനെക്കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. ഹാഷിഷ് ഓയിലിന് 10 ലക്ഷം രൂപയോളം വിലയുണ്ട്. ഇയാളിൽ നിന്ന് വാങ്ങുന്നവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരുന്നു.
പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യ, കുന്നത്തുനാട് ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്ഐമാരായ സെയ്തു മുഹമ്മദ് , പി.എസ്. കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.