ചെങ്ങമനാട് ജംഗ്ഷൻ വികസനത്തിന് തുക അനുവദിച്ചു
1577063
Saturday, July 19, 2025 4:11 AM IST
നെടുമ്പാശേരി : പറവൂരിൽ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള റോഡിലെ പ്രധാന ജംഗ്ഷനായ ചെങ്ങമനാട് വികസിപ്പിക്കുന്നു. നാല് ഭാഗത്ത് നിന്നുള്ള റോഡുകൾ സംഗമിക്കുന്ന ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് സ്ഥിരം സംഭവമായതോടെയാണ് അൻവർ സാദത്ത് എംഎൽഎയുടെ നിരന്തര ശ്രമത്തിനൊടുവിൽ ജംഗ്ഷൻ വികസനത്തിന് കളമൊരുങ്ങുന്നത്.
കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ചെങ്ങമനാട് ജംഗ്ഷൻ സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കുന്ന പദ്ധതിക്ക് ആവശ്യമായ അഞ്ചു കോടി രൂപയുടെ 20 ശതമാനം ആദ്യ ഗഡുവായി അനുവദിച്ചിരുന്നു. എന്നാൽ പ്രവർത്തനങ്ങൾ തുടങ്ങാൻ ഈ തുക തികച്ചും അപര്യാപ്തമായിരുന്നു.
ഇക്കാര്യം വീണ്ടും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ട മുഴുവൻ തുകയായ അഞ്ച് കോടി രൂപ അനുവദിച്ച് ഭരണാനുമതി നൽകിയതായി അൻവർ സാദത്ത് എംഎൽഎ അറിയിച്ചു. എംഎൽഎയുടെ നിർദ്ദേശ പ്രകാരം നിലവിൽ പിഡബ്ല്യൂഡി റോഡ്സ് വിഭാഗം അലൈൻമെന്റ് തയാറാക്കിയിട്ടുണ്ട്.
ഭരണാനുമതി ലഭിച്ച സാഹചര്യത്തിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള നിലവിലെ അലൈൻമെന്റിന് അംഗീകാരം നേടിയെടുത്ത് സാങ്കേതിക അനുമതി ലഭ്യമാക്കണം. തുടർന്ന് റോഡ് വീതി കൂട്ടുന്നതിന് ആവശ്യമായ ഭൂമി അളന്ന് കല്ലിടൽ നടത്തും. ഇതിന് ശേഷം റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുക്കാൻ നടപടി സ്വീകരിക്കും.
സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കിയതിനു ശേഷമായിരിക്കും ടെൻഡർ നടത്തി പദ്ധതി നടപ്പിലാക്കുക. നിലവിൽ തയാറാക്കിയിട്ടുള്ള അലൈൻമെന്റനുസരിച്ച് ചെങ്ങമനാട് കവലയിൽ നിന്ന് അത്താണി, മാള, പറവൂർ ഭാഗങ്ങളിലേക്കുള്ള 75 മീറ്റർ വരെയുള്ള ഭാഗം 19.8 മീറ്റർ വീതിയിലും പനയക്കടവിലേക്കുള്ള റോഡ് 15.8 മീറ്റർ വീതിയിലുമായിരിക്കും സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കുക.
ചെങ്ങമനാട് ജംഗ്ഷനിലെ 19.8 മീറ്റർ വീതിയുള്ള ഭാഗം 7.5 മീറ്ററിൽ രണ്ടുവരിപ്പാതയും 1.2 മീറ്റർ വീതിയിൽ മീഡിയനും 1.8 മീറ്റർ വീതിയിൽ നടപ്പാതയുമാണ് നിർമിക്കുക. രണ്ടു ദിശയിൽ നിന്നും വരുന്ന മാള റോഡും പനയക്കടവ് റോഡും നേർക്കുനേർ വരുന്ന രീതിയിലുമാണ് പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്. പറവൂർ റോഡിലെ ശ്രീരംഗം വളവും മാള റോഡിലെ ഡയറി വളവും പദ്ധതിയിൽ നേരെയാക്കും.
ചെങ്ങമനാട് ജംഗ്ഷന്റെ വികസനത്തിനായി ഒരേക്കറോളം സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരിക. സ്ഥിരമായി രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവിക്കുന്ന ചെങ്ങമനാട് ജംഗ്ഷന്റെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ പ്രദേശവാസികളും ഇതിലൂടെ യാത്ര ചെയ്യുന്നവരും അനുഭവിക്കുന്ന ദുരിതങ്ങൾക്കവസാനമാകുമെന്നും പദ്ധതി എത്രയും വേഗം പൂർത്തീകരിക്കുവാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അൻവർ സാദത്ത് എംഎൽഎ പറഞ്ഞു.