ഡബിള്‍ ഡക്കറിന് നനഞ്ഞ പ്രതികരണം : ആദ്യദിനം 12 പേര്, ഇന്നലെ 29
1576716
Friday, July 18, 2025 4:59 AM IST
കൊച്ചി: കൊച്ചിയുടെ സായാഹ്ന കാഴ്ചകള്‍ ആസ്വദിക്കാന്‍ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ വിനോദ സഞ്ചാര ബസിന് നനഞ്ഞ പ്രതികരണം. ആദ്യ ദിനവും ഇന്നലെയുമായി പകുതിയില്‍ താഴെമാത്രമാണ് ബുക്കിംഗ് ഉണ്ടായത്. മഴയാണ് പ്രധാന കാരണം. മുകൾ ഡെക്കില്‍ മേല്‍ക്കൂരയില്ലാത്തതിനാല്‍ മഴ നനയേണ്ടിവരുമെന്ന് ഭയന്ന് പലരും പിന്‍വലിയുകയാണ്.
വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിച്ച ആദ്യദിനമായ ബുധനാഴ്ച ആകെ 12 പേര് മാത്രമാണ് യാത്രയ്ക്കുണ്ടായിരുന്നത്. ഇതില്‍ മുകളിലിരുന്നു യാത്ര ചെയ്തതാകട്ടെ നാല് പേരും. മഴ പെയ്യുന്ന സമയം ഇവര്‍ താഴേക്കിറങ്ങും. രണ്ടാം ദിനമായ ഇന്നലെ 29 പേര് യാത്ര ചെയ്തെങ്കിലും ഇവരിലേറെയും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരാണെന്ന ആക്ഷേപമുണ്ട്. ഏതു സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ യാത്രയുടെ ഭാഗമായതെന്ന് അന്വേഷിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പറഞ്ഞു.
ഓപ്പണ്‍ ഡെക്കില്‍ 39 സീറ്റുകള്‍ ഉള്‍പ്പെടെ മുകളിലും താഴെയുമായി 63 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ സൗകര്യമുള്ളതാണ് ബസ്. ആദ്യ രണ്ടു ദിവസത്തില്‍ കണക്ക് പ്രകാരം 41 പേര് മാത്രമാണ് യാത്ര ചെയതത്.
വരുമാനമാകട്ടെ പതിനായിരത്തില്‍ താഴെ മാത്രവും. മഴ മാറുന്നതുവരെ ഈ നില തുടര്‍ന്നേക്കുമെങ്കിലും പിന്നീട് മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. അപ്പര്‍ ഡെക്കില്‍ സീറ്റ് ബുക്ക് ചെയ്യുന്നവരോട് മഴക്കോട്ടും കൈയില്‍ കരുതണമെന്ന നിര്‍ദേശം നല്‍കുന്നുണ്ട്.