മരട് നഗരസഭയിൽ റോഡില്‍ മാലിന്യം തള്ളിയവര്‍ക്ക് പിഴ രണ്ട് ലക്ഷം
1576743
Friday, July 18, 2025 5:04 AM IST
കൊച്ചി: റോഡില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ മരട് നഗരസഭാ ആരോഗ്യവിഭാഗം രണ്ടു ലക്ഷം രൂപ പിഴ ചുമത്തി. മരട് ഗ്രിഗോറിയന്‍ പബ്ലിക് സ്കൂളിന് സമീപത്തെ റോഡിലാണ് മാലിന്യം തള്ളിയത്.
ദൃക്സാക്ഷികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാലിന്യം തള്ളിയ ശേഷം മുങ്ങിയ തൃപ്പൂണിത്തുറ സ്വദേശികളെ കണ്ടെത്തിയത്. മാലിന്യം തള്ളാന്‍ ഉപയോഗിച്ച ലോറി ആണ് ആദ്യം പിടികൂടിയത്. പിന്നാലെ ഇവരെയും പിടികൂടുകയായിരുന്നു.
നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ പ്രേംചന്ദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് ഹുസൈന്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എ.എസ്. അനീസ്, വിനു മോഹന്‍, കെ.ആര്. ഹനീസ്, അബ്ദുല്‍ സത്താര്‍, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.
നഗരസഭ പരിധിയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന പാരിതോഷികം നല്‍കുമെന്നും ചെയര്‍പേഴ്സണ്‍ ആന്റണി ആശാംപറമ്പില്‍ അറിയിച്ചു.