നഗരശുചിത്വം : കൊച്ചി നമ്പര്‍ 1
1576712
Friday, July 18, 2025 4:59 AM IST
ദേശീയ റാങ്കിംഗിൽ 50-ാമത്
കൊച്ചി: സ്വച്ഛ് സര്‍വേക്ഷന്‍ സര്‍വേയില്‍ കൊച്ചി കോര്‍പറേഷനാണ് കേരളത്തിലെ ഏറ്റവും മികച്ച ശുചിത്വ നഗരം. മൂന്ന് മുതല്‍ 10 ലക്ഷം വരെ ജനസംഖ്യയുള്ള വലിയ നഗരങ്ങളുടെ പട്ടികയിലാണ് സംസ്ഥാനത്ത് കൊച്ചി ഒന്നാമതെത്തിയത്. മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ച് പൊതുജനാഭിപ്രായം കൂടി ശേഖരിച്ചായിരുന്നു വിധി നിര്‍ണയം. തൃശൂര്‍ കോര്‍പറേഷനാണ് രണ്ടാമത്. ഏറ്റവും പിന്നില്‍ കൊല്ലം കോര്‍പറേഷനും.
നഗരശുചിത്വം സംബന്ധിച്ച് പൗരന്മാരില് നിന്നും ലഭ്യമാക്കിയ പൊതുജനാഭിപ്രായം, മാലിന്യ സംസ്കരണ സൗകര്യങ്ങളുടെ വിലയിരുത്തല്‍, നേരിട്ടുള്ള ഫീല്‍ഡ് പരിശോധന തുടങ്ങി നാല് ഘടകങ്ങൾ മാനദണ്ഡമാക്കിയാണ് കേന്ദ്ര നഗരകാര്യ മന്ത്രാലയം മികച്ച നഗരങ്ങളുടെ പട്ടിക തയാറാക്കിയത്.
ദേശീയ തലത്തില്‍ പോയിന്റ് പട്ടികയില്‍ 50-ാമതാണ് കൊച്ചി. 416-ാം സ്ഥാനത്ത് നിന്നാണ് കൊച്ചി 50ൽ എത്തിയത്. സ്വച്ഛ് സര്‍വേക്ഷണ്‍ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് കേരളത്തിലെ ഒരു നഗരം ദേശീയതലത്തില്‍ 50-ാം സ്ഥാനത്തെത്തുന്നത്.
ബ്രഹ്മപുരത്തെ ബയോമൈനിംഗ്, ബിഎസ്എഫ് പ്ലാന്റ്, വിവിധയിടങ്ങളിലുള്ള ബോട്ടില്‍ ബൂത്തുകള്‍, ആര്‍ആര്‍എഫ് പ്ലാന്റുകള്‍, കണ്ടെയ്നര്‍ എംസിഎഫുകള്‍, വില്ലിംഗ്ടണ്‍ ഐലൻഡ്, എളംകുളം എന്നിവിടങ്ങളിലെ എഫ്എസ്ടിപി, കലൂര്‍ മണപ്പാട്ടിപ്പറമ്പിലെ ഒഡബ്ല്യുസി പ്ലാന്റ് എന്നിവ സര്‍വേ അംഗങ്ങള്‍ ഫീല്‍ഡ് പരിശോധ നടത്തി. ബ്രഹ്മപുരം കേന്ദ്രീകരിച്ച് നടത്തിവരുന്ന മാലിന്യ സംസ്കരണ പദ്ധതികളാണ് കൊച്ചിയെ മുന്നിലെത്തിച്ചതെന്ന് കോര്പറേഷന് അവകാശപ്പെട്ടു.
‘ഈ നേട്ടം ചെറുതല്ല. ശുചിത്വം, മാലിന്യ സംസ്കരണം, നഗരസൗന്ദര്യവത്കരണം തുടങ്ങിയ മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കുന്നതിന് നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയും ഏറെ മുന്നേറാനുണ്ട്. മുന്നില്‍ 49 പേര് ഉണ്ട് എന്ന ബോധ്യമാണ് വേണ്ടത്. ഒന്നാം സ്ഥാനത്ത് എത്താന്‍ പലതും ചെയ്യാനുണ്ട്. ബ്രഹ്മപുരത്ത് ഉയരുന്ന സിബിജി പ്ലാന്റ് പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ വലിയൊരു മുന്നേറ്റം നടത്താന്‍ സാധിക്കും.'
എം. അനില്‍കുമാര്‍
മേയര്‍