വിവാഹ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകുന്നവർ വര്‍ധിക്കുന്നെന്ന്
1576487
Thursday, July 17, 2025 5:04 AM IST
കൊച്ചി: വിവാഹ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകുന്നവരുടെ എണ്ണത്തില്‍ വലിയ തോതില്‍ വര്‍ധനവ് ഉണ്ടാകുന്നതായി വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന സംസ്ഥാന വനിതാ കമ്മീഷന്റെ ജില്ലാതല അദാലത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
വിവാഹം കഴിയ്ക്കാമെന്ന് വ്യാജ വാഗ്ദാനങ്ങള്‍ നല്കി പണവും ആഭരണങ്ങളും സ്വത്തും അപഹരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള പരാതികളാണ് അദാലത്തിന്റെ അവസാന ദിനത്തില്‍ കമ്മീഷന് മുന്നില്‍ അധികമായി എത്തിയത്. ഇത്തരം പ്രലോഭനങ്ങളില്‍ വീഴാതിരിക്കാന്‍ സ്ത്രീകള്‍ കൂടുതല്‍ ജാഗരൂകര്‍ ആവേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 80 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 10 പരാതികള്‍ തീര്‍പ്പാക്കി. 62 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റിവച്ചു.
കമ്മീഷന് അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്, അഡ്വ. എലിസബത്ത് മാമന് മത്തായി, വി.ആര്. മഹിളാമണി, അഡ്വ. അമ്പിളി, അഡ്വ. സ്മിത ഗോപി, അഡ്വ. യമുന തുടങ്ങിയവര്‍ പങ്കെടുത്തു.