മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിൽ
1576484
Thursday, July 17, 2025 4:52 AM IST
കോതമംഗലം: കനത്തമഴയിൽ പെരിയാർ ഉൾപ്പെടെ നദികളിൽ ജലനിരപ്പ് ഉയർന്നു. പൂയംകുട്ടി പുഴയ്ക്ക് കുറുകെ നിർമിച്ചിട്ടുള്ള മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിലായി. കുട്ടന്പുഴ മേഖലയിൽ ഇന്നലെ രാവിലെ മുതൽ ശക്തമായ മഴയായിരുന്നു. കൂടാതെ ഇടുക്കിയിൽനിന്നുള്ള മലവെള്ളവും പൂയംകുട്ടി പുഴയിൽ ഒഴുകിയെത്തുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം.
സന്ധ്യയോടെ മണികണ്ഠൻചാൽ ചപ്പാത്തിൽ വെള്ളം കയറി തുടങ്ങി. രാത്രി 7.30ഓടെ ചപ്പാത്ത് മുങ്ങി. മഴ കൂടിയാൽ ഇന്ന് ചപ്പാത്തിലൂടെയുള്ള ഗതാഗതം പ്രതിസന്ധിയിലാകും. ചപ്പാത്ത് മുങ്ങിയതോടെ രാത്രിയോടെ ഇരുവശത്തും വാഹനങ്ങളും ആളുകളും കുടുങ്ങിയിട്ടുണ്ട്. രാത്രിയോടെ കെഎസ്ആർടിസി, സ്വകാര്യ ബസുകൾ പലതും പൂയംകുട്ടിയിൽ സർവീസ് അവസാനിപ്പിച്ചു.
രണ്ടു ഗ്രാമങ്ങളും ആറ് ആദിവാസി ഉന്നതികളും ഒറ്റപ്പെട്ട നിലയിലാണ്. ബ്ലാവനയിൽ ജങ്കാർ സർവീസ് വൈകിട്ടോടെ നിലച്ചു. അത്യാവശ്യ യാത്രകൾക്ക് വഞ്ചി മാത്രമാണ് ആശ്രയം. മണികണ്ഠൻചാൽ ഭാഗത്തും വഞ്ചി ഏർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ ഒഴുക്കുള്ളതുകൊണ്ട് രാത്രിയിൽ വഞ്ചിയാത്ര ദുസ്സഹമാണ്. കഴിഞ്ഞ മാസം ചപ്പാത്ത് മുങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് മണികണ്ഠൻചാൽ സ്വദേശി ബിജു മരണപ്പെട്ടിരുന്നു.
ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിയ ചപ്പാത്തിന് കേടുപാടുകളും സംഭവച്ചിട്ടുണ്ട്. ചപ്പാത്തിന്റെ തുടക്ക ഭാഗത്ത് കോണ്ക്രീറ്റ് തകർന്ന് കുഴി രൂപപ്പെട്ടു, വശത്ത് സുരക്ഷയ്ക്കായി നിർമിച്ച സംരക്ഷണഭിത്തികൾ പലതും തകർന്നിരിക്കുകയാണ്.
പ്രതലത്തിൽ കോണ്ക്രീറ്റ് സ്ലാബുകൾ കൂട്ടിച്ചേർത്ത ഭാഗത്തും പൊട്ടലും കുഴിയുമുണ്ട്.ചപ്പാത്തിന് ബലക്ഷയം സംഭവിച്ച സാഹചര്യത്തിൽ പുതിയ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. ഉയരം കുറഞ്ഞ ചപ്പാത്തിന്റെ സ്ഥാനത്ത് പുതിയ പാലം നിർമിക്കാൻ പദ്ധതിയും പ്രഖ്യാപനവും നടത്തിയെങ്കിലും പ്രവൃത്തിയിൽ വരുന്നില്ല.