ദുരന്തനിവാരണം: സംസ്ഥാനതല സന്നദ്ധ സേനയ്ക്ക് പരിശീലനം
1576245
Wednesday, July 16, 2025 7:44 AM IST
കൊച്ചി: കേരളത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള സന്നദ്ധത ശക്തിപ്പെടുത്തുന്നതിനു "സെർച്ച് ആൻഡ് റെസ്ക്യൂ (എസ്എആർ) മെഡിസിൻ' എന്ന പ്രത്യേക മേഖലയിൽ സംസ്ഥാനതല സന്നദ്ധ സേനയ്ക്ക് പരിശീലനം നൽകും. ഇതിനു മുന്നോടിയായി ദുരന്തനിവാരണ സന്നദ്ധപ്രവർത്തകർക്കായി ആഗോള വിദഗ്ധരുടെ നേതൃത്വത്തിലുള്ള ആദ്യ ശില്പശാല കൊച്ചിയിൽ നടന്നു. 14 ജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 50ഓളം പേർ പങ്കെടുത്തു.
സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുമായി (കെഎസ്ഡിഎംഎ) സഹകരിച്ചു എഡ്യൂകെയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസ്, യുകെ ആസ്ഥാനമായുള്ള പ്രോമിത്യൂസ് മെഡിക്കൽ ഇന്റർനാഷണൽ, യുഎഇയിൽ നിന്നുള്ള റെസ്പോൺസ് പ്ലസ് മെഡിക്കൽ സർവീസസ് എന്നിവ സംയുക്തമായാണു ശില്പശാല സംഘടിപ്പിച്ചത്. കളക്ടർ എൻ.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു.
കെഎസ്ഡിഎംഎയുമായി സഹകരിച്ച് 14 ജില്ലകളിലും സമാനമായ ശില്പശാലകൾ സംഘടിപ്പിക്കുമെന്ന് എഡ്യൂകെയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസ് എംഡി നാസർ കിളിയമണ്ണിൽ പറഞ്ഞു.
എസ്എആർ മെഡിസിൻ രംഗത്തെ പ്രമുഖനായ പ്രഫ. റിച്ചാർഡ് ലിയോൺ, ഡോ. റോഹിൽ രാഘവൻ എന്നിവർ സെഷനുകൾ നയിച്ചു.