യാത്രാ സര്‍വീസിനേക്കാള്‍ ലാഭം ടൂറിസം
1576246
Wednesday, July 16, 2025 7:44 AM IST
കൊച്ചി: കെഎസ്ആര്‍ടിസിക്ക് യാത്രാ സര്‍വീസുകളേക്കാള്‍ ലാഭം ടൂറിസം സര്‍വീസുകള്‍. തിരുവനന്തപുരത്താണ് ആദ്യ ടൂറിസം ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ആരംഭിച്ചത്. കിലോമീറ്ററിന് 130 രൂപ ഇതില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നാണ് കെഎസ്ആര്‍ടിസി തന്നെ പുറത്തുവിട്ട കണക്കിലുള്ളത്.
യാത്ര സര്‍വീസിന് കിലോമീറ്ററില്‍ 50 രൂപ മാത്രം വരുമാനം ലഭിക്കുന്നിടത്താണിത്. ഒരു കിലോമീറ്റര്‍ യാത്ര സര്‍വീസ് ഓപ്പറേറ്റ് ചെയ്യാന്‍ 60 രൂപ ചിലവ് വരും. 10 രൂപ നഷ്ടത്തിലാണ് കെഎസ്ആര്‍ടിസി യാത്രാ സര്‍വീസ് നടത്തിവരുന്നത്.
തിരുവനന്തപുരത്തിന് പിന്നാലെ മൂന്നാറില്‍ ആരംഭിച്ച ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസും വന്‍ ഹിറ്റാണ്. 300 രൂപയാണ് മൂന്നാര്‍ ടൂറിസം ബസില്‍ നിന്ന് കിലോമീറ്ററില്‍ ലഭിക്കുന്ന വരുമാനം. കെഎസ്ആര്‍ടിസിയുടെ ടൂറിസം സര്‍വീസുകളില്‍ നിന്നായി നിലവില്‍ നാല് കോടിയോളം രൂപ വരുമാനമുണ്ടെന്ന് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം ചീഫ് ട്രാഫിക് മാനേജര്‍ ആര്. ഉദയകുമാര്‍ പറഞ്ഞു.