നാട്ടുകാർ പ്രതിഷേധിച്ചു ; മലയാറ്റൂരിലെ അനധികൃത പന്നി ഫാം പൂട്ടിച്ചു
1576241
Wednesday, July 16, 2025 7:44 AM IST
കാലടി : മലയാറ്റൂർ ഇല്ലിത്തോട് ഒന്നാം ബ്ലോക്കിൽ നാലു വർഷമായി അനധികൃതമായി പ്രവർത്തിച്ചു വന്ന പന്നി ഫാം നാട്ടുകാർ ഇടപെട്ട് പൂട്ടിച്ചു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് തിങ്കളാഴ്ച എഐവൈഎഫ് പ്രവർത്തകർ സംഭവ സ്ഥലത്തെത്തിയിരുന്നു.
സംഘടനയുടെ മേഖലാ സെക്രട്ടറി അനിൽ ബാബു കാലടി സിഐയെ പന്നിഫാമിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചതിനെത്തുടർന്ന് സിഐ സ്ഥലം സന്ദർശിക്കുകയും ഒരു ദിവസത്തിനുള്ളിൽ മുഴുവൻ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ലൈസൻസ്, സാനിറ്ററി സെർട്ടിഫിക്കറ്റ്, ഹെൽത്ത് കാർഡ് എന്നിവ ഇല്ലാതെയാണ് ഫാം നടത്തിയിരുന്നത്. ചൊവ്വാഴ്ച പഞ്ചായത്ത് പ്രസിഡന്റും ഹെൽത്ത് ഇൻസ്പെക്ടറും വാർഡ് മെമ്പറും അടക്കം സ്ഥലം സന്ദർശിച്ചു.
തുടർന്നാണ് അടച്ചുപൂട്ടാനും ഇവിടെ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനും നോട്ടീസ് നൽകിയത്. ഇന്നലെ ഇവിടെ നിന്നും പന്നികളെ മാറ്റിത്തുടങ്ങി.
മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്യാൻ ഫാം ഉടമ സാവകാശം ചോദിച്ചതിനെ തുടർന്ന് ജൂലൈ 20 ന് മുൻപ് മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.
തോട്ടിലൂടെ ഒഴുകി എത്തുന്ന ഫാം മാലിന്യങ്ങൾ നാട്ടുകാർക്ക് പല ശരീരിക പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതായി നാട്ടുകാർ ആരോപിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പരമാണിവിടം, നൂറിലധികം പന്നികളെയും പൊത്തുകളെയും വൃത്തി ഹീനമായ അന്തരീക്ഷത്തിൽ വളർത്തുകയായിരുന്നുവെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഈ മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്നത് തൊട്ട് ചേർന്ന് പ്രവർത്തനം നിലച്ച വെള്ളം കെട്ടി നിൽക്കുന്ന പാറമടയിലേക്കായിരുന്നു.
ഇത്രയും വർഷക്കാലം അനധികൃതമായി പ്രവർത്തനം നടന്നു പോന്ന ഈ ഫാമിനെക്കുറിച്ച് വാർഡ് മെമ്പറോ മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് ഭരണ സമ്മിതിക്കോ അറിവില്ല എന്നത് പച്ചക്കള്ളമാണെന്നും പൊതുജനം എല്ലാം കാണുന്നുണ്ടെന്നും സിപിഐ ലോക്കൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.