ഡബിള്‍ ഡക്കറിനു ഡബിൾ ബെൽ...
1576250
Wednesday, July 16, 2025 7:44 AM IST
കൊച്ചി: കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ചുരുങ്ങിയ ചിലവില്‍ കൊച്ചിയുടെ സായാഹ്ന കാഴ്ചകള്‍ ആസ്വദിക്കാനാകുന്ന ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ വിനോദ സഞ്ചാര ബസ് സര്‍വീസ് ആരംഭിച്ചു. എറണാകുളം ജെട്ടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ് സര്‍വീസ് ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് മന്ത്രിയും ജനപ്രതിനിധികളുമായി തുറന്ന ബസില്‍ നഗരപ്രദക്ഷിണം പ്ലാന്‍ ചെയ്തിരുന്നെങ്കിലും മഴ മൂലം സ്റ്റാൻഡില്‍ ഒരുവട്ടം കറക്കി യാത്ര അവസാനിപ്പിച്ചു.
രണ്ടാം നിലയുടെ മേല്‍ക്കൂര മാറ്റി സഞ്ചാരികള്‍ക്ക് കായല്‍ കാറ്റേറ്റ് കാഴ്ചകള്‍ കാണാന്‍ കഴിയുന്ന തരത്തിലാണ് ബസ് ഒരുക്കിയിരിക്കുന്നത്. മുകളിലെ ഓപ്പണ്‍ ഡെക്കില്‍ 39 സീറ്റുകളും താഴത്തെ നിലയില്‍ 24 സീറ്റുകളുമാണുള്ളത്. 300 രൂപയാണ് മുകളിലിരുന്നു യാത്ര ചെയ്യാനുള്ള നിരക്ക്. താഴെയുള്ള സീറ്റുകളാണേല് 150 രൂപ.
ദിവസേന ഒരു സര്‍വീസ് മാത്രമേ ഉണ്ടാകു. വൈകുന്നേരം അഞ്ചിന് എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് എട്ടോടെ തിരികെ ഇതേസ്ഥലത്ത് എത്തുംവിധമാണ് സര്‍വീസ്. മൂന്നു മണിക്കൂര്‍ യാത്രയില്‍ 29 കിലോമീറ്ററാണ് സഞ്ചരിക്കുന്നത്.
സംഘമായെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ചെറിയ ആഘോഷങ്ങള്‍ക്കും 15,300 രൂപ നിരക്കില്‍ വാഹനം വിട്ടു നല്‍കും. സര്‍വീസിന് പുറമേയുള്ള ഏത് സമയത്തും ബസ് ബുക്ക് ചെയ്യാം. കെഎസ്ആര്‍ടിസിയുടെ വെബ്സൈറ്റ് വഴിയും 9447223212 എന്ന നമ്പറിലും മുന്‍കൂട്ടി ബുക്ക് ചെയ്യാം.
ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈബി ഈഡന് എംപി, കെ.ജെ. മാക്സി എംഎല്‍എ, മേയര്‍ എം. അനില്‍കുമാര്‍, കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം ചീഫ് ട്രാഫിക് മാനേജര്‍ ആര്. ഉദയകുമാര്‍, സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ആര്. സുനില്‍കുമാര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് വേലിക്കകം, എറണാകുളം എടിഒ ടി.എ. ഉബൈദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സീറ്റുറപ്പിക്കാൻ...
ഡബിള്‍ ഡക്കര്‍ യാത്രയ്ക്ക് ബുക്ക് ചെയ്യാന്‍ onlineskrtcswift.com എന്ന റിസര്‍വേഷന്‍ സൈറ്റില്‍ സ്റ്റാര്‍ട്ടിംഗ് ഫ്രം എന്ന ഓപ്ഷനില്‍ കൊച്ചി സിറ്റി റൈഡ് (Kochi Ctiy Ride) എന്നും ഗോയിംഗ് ടു ഓപ്ഷനില്‍ കൊച്ചി (Kochi) എന്നും സെലക്ട് ചെയ്തു സീറ്റുകള്‍ ഉറപ്പിക്കാം.
കൂടാതെ സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും 99610 42804 (ഷാലിമാര്‍ തോമസ്, യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍), 8289905075 (മനോജ്, അസി.കോ-ഓര്‍ഡിനേറ്റര്‍), 9447223212 (പ്രശാന്ത് വേലിക്കകം, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നേരിട്ട് എത്തിയും സീറ്റ് ബുക്ക് ചെയ്യാം.