നെല്ലിയാന്പതി മലനിരകൾ ചവിട്ടിക്കയറി സൈക്കിൾ ടീം കൊച്ചി
1576232
Wednesday, July 16, 2025 7:43 AM IST
ഫോർട്ടുകൊച്ചി: പാലക്കാട് നെല്ലിയാന്പതി മലനിരകളിലേക്കുള്ള സൈക്കിൾ ടീം കൊച്ചിയുടെ മൺസൂൺ റൈഡിന് എംഎൽഎയും വൈദികനും കണ്ണികളായത് ടീമിന് ആവേശമായി. കെ.ജെ. മാക്സി എംഎൽഎയും ഫാറ്റിമ ആശുപത്രി ഡയറക്ടർ ഫാ.സിജു ജോസഫ് പാലിയത്തറയും അടങ്ങുന്ന സൈക്കിൾ ടീം കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചിയിൽനിന്നു പുറപ്പെട്ടത്. ആറ്പേരടങ്ങുന്ന ടീം രാവിലെ എട്ടോടെ മലനിരകൾ ചവിട്ടിക്കേറി ഉച്ചയ്ക്ക് മൂന്നോടെ നെല്ലിയാംപതിയിൽ എത്തിച്ചേർന്നു.
കഴിഞ്ഞ വർഷങ്ങളിൽ ഊട്ടി, മൂന്നാർ, വാഗമൺ, കുട്ടിക്കാനം, അതിരപ്പിള്ളി എന്നീ മലനിരകൾ ചവിട്ടി കേറിയ സൈക്കിൾ ടീം അംഗങ്ങൾക്ക് സമുദ്രനിരപ്പിൽനിന്നും 1500 ഉം 5000 ഉം ഇടയിൽ അടി ഉയരമുള്ള നെല്ലിയാന്പതി മലനിര അനായാസം ചവിട്ടിക്കേറാനായി. ആരോഗ്യത്തിന് അനുദിന സൈക്കിൾ സവാരി എന്ന സന്ദേശത്തോടെയാണ് മൺസൂൺ റൈഡ് വർഷാവർഷം ഒരുക്കിയിരിക്കുന്നത്.